കോവിഡ് 19: പ്രതിരോധത്തിന് 16,000 വോളന്റിയർമാർ

112

തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിന് ഊർജ്ജം പകർന്ന് ജില്ലയിലെ ഫീൽഡ് ലെവൽ വോളന്റിയർമാർ. ജില്ലയിലെ 73 പഞ്ചായത്തുകൾ നാല് മുൻസിപ്പാലിറ്റികൾ തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുമായി പതിനാറായിരത്തോളം വോളൻറിയർമാരാണ് നിലവിൽ ഉള്ളത്. അതാത് മേഖലകളിലെ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒരോ വാർഡിൽ നിന്നും 10 പേരെ വീതവും കോർപറേഷനിൽ ഒരോ വാർഡിൽ നിന്നും 20 പേരെ വീതവുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

ഒരു വോളന്റിയർ, ഒരു ഹെൽത്ത് വർക്കർ, ഒരു ജനമെെത്രി പൊലീസ് എന്നിവരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് ഒരോ വാർഡിലും പ്രവർത്തിക്കുന്നത്. ക്വാറന്റൈനിലുള്ള വ്യക്തികൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യം . നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെക്കുറിച്ചുള്ള വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കും. ഇത്തരക്കാർക്കെതിരെ കർശന നടപടിയാണ് എടുക്കുക.

നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം, മരുന്ന് , വെള്ളം എന്നിവ ആവശ്യമെങ്കിൽ എത്തിച്ചു കൊടുക്കുകയും മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംഘത്തിലുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ജില്ലയിലെ എല്ലാ മേഖലയിലും വളരെ കാര്യക്ഷമമായ പ്രവർത്തനമാണ് സംഘം നടത്തി വരുന്നത്.

NO COMMENTS