മലയിൻകീഴ്-പാപ്പനംകോട് റോഡ് നിർമാണം മാർച്ചിൽ പൂർത്തിയാക്കാൻ നിർദ്ദേശം

50

ശബരിമല പാക്കേജിൽ ഉൾപ്പെടുന്ന തിരുവനന്തപുരത്തെ മലയിൻകീഴ്- പാപ്പനംകോട് റോഡ് നിർമാണം മാർച്ച് മാസത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശന നിർദേശം നൽകി. നിർമാണം നീളുന്നത് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി നേരിട്ടെത്തി നിർമാണ പുരോഗതി വിലയിരുത്തി.

മലയിൻകീഴ് മുതൽ പാപ്പനംകോട് വരെ എട്ട് കിലോമീറ്റർ നീളമുള്ള റോഡിന്റെ പ്രവൃത്തി 2020 – 2021 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുടങ്ങിയത്. 2021 ജൂണിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിർമാണ നടപടികൾ പാതിവഴിയിൽ നിലച്ചു. റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും അപാകതകൾ സമയബന്ധിതമായി പരിഹരിക്കാനും മന്ത്രി നിർദേശിച്ചു.

പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ജനങ്ങൾ നിരീക്ഷിക്കുന്നുവെന്നത് വ്യക്തമാണ്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം ജനങ്ങൾ വേണ്ടവിധത്തിൽ ഉപയോഗിക്കുന്നത് ഇതിനു തെളിവാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും കരാറുകാരും ഉത്തരവാദിത്തത്തോടെ ജോലികൾ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രത്യേക സംവിധാന മൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് ലക്ഷ്യമിട്ടാണ് പൊതുമരാമത്ത് വകുപ്പ് പ്രോജക്റ്റ് മാനേജ്മന്റ് സിസ്റ്റം നടപ്പാക്കാൻ ഒരുങ്ങുന്നത്. നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാനായി ഓരോ നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക സംവിധാനമുണ്ടാകും. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതുപോലെ പ്രധാനമാണ് ഗുണനിലവാരം ഉറപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിർമാണപ്രവൃത്തികൾ വിലയിരുത്തുന്നതിനായി വകുപ്പുദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

NO COMMENTS