തെരേസ മേയ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്നു ചുമതലയേല്‍ക്കും

145

ലണ്ടൻ∙തെരേസ മേയ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്നു ചുമതലയേല്‍ക്കും. നിലപാടുകളിലെ കണിശതയും ക‌ഠിനാധ്വാനവും കറപുരളാത്ത രാഷ്ട്രീയജീവിതവുമാണ് തെരേസ മെയ് എന്ന 59-കാരിയെ ബ്രിട്ടിഷ് രാഷ്ട്രീയത്തിന്‍റെ തലപ്പത്തെത്തിച്ചത്. അവരുടെ തന്നെ വാക്കുകളില്‍, ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് സമയം കളയാത്ത, തീന്‍മേശയില്‍ പരദൂഷണം പറയാത്ത, മദ്യസല്‍ക്കാരങ്ങളില്‍ പങ്കെടുക്കാത്ത രാഷ്ട്രീയക്കാരി. പുരുഷമേധാവിത്വം നിറഞ്ഞ ഇംഗ്ലീഷ് രാഷ്ട്രീയത്തിന്‍റെ വഴികളില്‍ വേറിട്ടു സഞ്ചരിച്ചാണ് തെരേസ ഉയരങ്ങളിലെത്തിയത്. പിതാവ് പുരോഹിതനെങ്കിലും പന്ത്രണ്ടാം വയസില്‍ പാര്‍ട്ടി പതാകയേന്തി തെരേസ. പിതാവിന്‍റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതിരുന്ന മകള്‍ ഇന്നും ഉറച്ച ദൈവവിശ്വാസി.

ഒാക്സഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയായിരുന്നു കൂട്ടുകാരി. പിന്നീട് ജീവിതത്തില്‍ കൂട്ടുകാരനായ ഫിലിപ് മെയെ പരിചയപ്പെടുത്തിയതും ബേനസീര്‍ തന്നെ. മക്കളില്ലാത്ത ദുഃഖം വലുതെങ്കിലും സജീവരാഷ്ട്രീയം എല്ലാം മറക്കാന്‍ സഹായിക്കുമെനന്് തെരേസ പറയും. 1997ല്‍ മെയ്ഡന്‍ഹെഡില്‍ നിന്ന് ആദ്യമായി പാര്‍ലമെന്‍റിലെത്തി. മികച്ച പ്രഭാഷകയായി പേരെടുത്ത തെരേസമെയ് വളരെപ്പെട്ടന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രധാനിയായി. ആഭ്യന്തര സെക്രട്ടറിയായിരിക്കുമ്പോള്‍ ഉറച്ചനിലപാടുകളിലൂടെ പേരെടുത്തു.

സ്വവര്‍ഗവിവാഹം നിയമപരമാക്കുന്നതിലും ബ്രെക്സിറ്റിലും കാമറണിനൊപ്പെം നിന്നെങ്കിലും പൂര്‍ണമനസോടെയായിരുന്നില്ല. ഏഷ്യന്‍ വിമന്‍ അച്ചീവ്മെന്‍റ് അവാര്‍ഡ് വേദിയില്‍ സാരി ധരിച്ചെത്തിയ തെരേസ മെയ് ഫാഷന്‍ ലോകത്തും ശ്രദ്ധേയയാണ്. ബ്രെക്സിറ്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇനി പുതിയപ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.