മുംബൈ: വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് വിധി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായി ബാങ്കുകളില്‍നിന്ന് വായ്പയെടുത്തിട്ട് 9,400 കോടിയോളം രൂപ കുടിശ്ശികവരുത്തിയ വിജയ് മല്യ മാര്‍ച്ചില്‍ ഇന്ത്യയില്‍നിന്ന് ബ്രിട്ടണിലേയ്ക്ക് കടന്നിരുന്നു. കേസില്‍ ഹാജരാകാന്‍ മൂന്നുവട്ടം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലണ്ടനില്‍ കഴിയുന്ന മല്യ ഈ നോട്ടീസുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന് മല്യക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
മല്യയുടെ രാജ്യസഭാംഗത്വവും പാസ്പോര്‍ട്ടും റദ്ദാക്കിയിരുന്നു. സാമ്ബത്തിക കുറ്റാന്വേഷണവിഭാഗം മല്യക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിക്കുകയും വിജയ് മല്യയെ മടക്കിയയക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.