വനിതാ ശിശുവികസന പദ്ധതികൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിലയിരുത്തി.

99

തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പാക്കുന്ന വനിതാ ശിശുവികസന പദ്ധതികൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ വനിതാശിശുവികസന മന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തിൽ അവലോകന യോഗം നടത്തിയത്.

പോഷൺ അഭിയാൻ, വൺ സ്‌റ്റോപ്പ് സെന്റർ, ബേഠി ബച്ചാവോ ബേഠി പഠാവോ, പ്രധാനമന്ത്രി മാതൃവന്ദന യോജന, കേരളത്തിലെ ഐ. സി. ഡി. എസ് പദ്ധതികൾ എന്നിവ വിലയിരുത്തി. കേരളം നടപ്പാക്കുന്ന സ്മാർട്ട് അംഗൻവാടി പദ്ധതിയിൽ കേന്ദ്ര മന്ത്രി തൃപ്തി അറിയിച്ചു. ഡിജിറ്റൽ ഇൻഡ്യ, റിന്വിവബിൾ എനർജി എന്നിവ സ്മാർട്ട് അംഗൻവാടി പദ്ധതിയുമായി സംയോജിപ്പിക്കാവുന്നതാണെന്ന് മന്ത്രി നിർദ്ദേശിച്ചു.വൺ സ്‌റ്റോപ്പ് സെന്റർ ആറ് ജില്ലകളിൽ പ്രവർത്തനം ആരംഭിച്ചതായും മറ്റു ജില്ലകളിൽ ഈ മാസം ആരംഭിക്കുമെന്നും മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.

നിലവിൽ ചില ജില്ലകളിൽ താത്കാലിക കെട്ടിടങ്ങളിലാണ് കേന്ദ്രം തുടങ്ങുന്നത്. എല്ലാ ജില്ലകളിലും കേന്ദ്രത്തിനായി സ്വന്തം സ്ഥലം കളക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ആദിവാസി സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി യോഗം ചർച്ച ചെയ്തു. ഗർഭിണികളായ സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ പോഷകാഹാരം പ്രാദേശികമായ ഭക്ഷ്യ വസ്തുക്കളിൽ നിന്ന് കണ്ടെത്തി ഉപയോഗിക്കണമെന്ന് കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു.

വനിതാശിശുവികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, കേന്ദ്ര ഉദ്യോഗസ്ഥർ, സംസ്ഥാനതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

NO COMMENTS