സെക്രട്ടേറിയറ്റിലെ ഓണാഘോഷം സമയനിഷ്ഠ കൊണ്ട് പ്രശംസ പിടിച്ചുപറ്റി

174

മത്സരത്തിലെ വീറും വാശിയും കൊണ്ട് മാത്രമല്ല, സമയനിഷ്‌ഠ കൊണ്ടും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാഘോഷം ഇക്കുറി ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ജോലി തടസ്സപ്പെടാതെ, ഉച്ചഭക്ഷണ സമയത്താണ് ഇടത് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വടംവലി മത്സരം സംഘടിപ്പിച്ചത്.
നട്ടുച്ചയിലെ പൊരിവെയില്‍ ഗൗനിക്കാതെയായിരുന്നു വടംവലി മത്സരം. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ കൃത്യം ഒന്നര മണിക്ക് മത്സരം തുടങ്ങി. പത്തോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരമാണ് സെക്രട്ടേറിയറ്റിന് പിറകിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. പക്ഷേ സെമിഫൈനല്‍ കഴിഞ്ഞപ്പോള്‍ ഇടവേള അവസാനിച്ചു. തുടര്‍ന്ന് എല്ലാവരും ഓഫീസിലേക്ക് മടങ്ങി ജോലി തുടരണമെന്ന് അനൗണ്‍സ്‍മെന്റ് വന്നു. അതോടെ ഓഫീസ് സമയത്തിന് ശേഷം ഫൈനലില്‍ കാണാമെന്ന് പറഞ്ഞുറപ്പിച്ച് ജീവനക്കാര്‍ കസേരകളിലേക്ക് മടങ്ങി. നാളെ രാവിലെ ഓഫീസ് സമയത്തിന് മുമ്പാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പൂക്കള മത്സരം.

NO COMMENTS

LEAVE A REPLY