കാർഷിക മേഖലയിൽ ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലും പരിശീലനവും: വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡിസംബർ 10 ന്

33

തിരുവനന്തപുരം :കാർഷികമേഖലയിൽ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പട്ടികവർഗവികസന വകുപ്പിന്റെ സഹായത്തോടെ വെള്ളായണി കാർഷിക സർവകലാശാല നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡിസംബർ10 ന്

നടക്കും. ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ പട്ടികവർഗ ഉപപദ്ധതിയുടെ ഭാഗമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. കാർഷിക മേഖലയിൽ ആദിവാസി വിഭാഗങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുക, യന്ത്രവത്ക്കരണം വഴി കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുക, ആദിവാസി കുടുംബങ്ങളുടെ ജീവനോപാധി മെച്ചപ്പെടുത്തുക, പോഷകാഹാര ലഭ്യത ഉറപ്പാക്കുക എന്നിവയാണ് പദ്ധതികളുടെ ലക്ഷ്യം.

രാവിലെ 10 മണിക്ക് പാങ്കാവ് സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന ആദിവാസി വിഭാഗങ്ങൾക്കുള്ള കാർഷിക യന്ത്രങ്ങളുടെ വിതരണവും കാർഷികമേഖലയിൽ യന്ത്രവത്കരണത്തിന്റെ സാധ്യതയെ കുറിച്ചുള്ള പരിശീലനപരിപാടിയും ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.പദ്ധതിയുടെ ഭാഗമായി കാർഷിക കർമ്മ സേന രൂപീകരിച്ച് നൂതന കാർഷിക യന്ത്രങ്ങളുടെ ഉപയോഗം, നഴ്‌സറി പരിപാലനം, കമ്പോസ്റ്റ് നിർമ്മാണം, ജൈവ- ജീവാണു വളങ്ങളുടെ ഉൽപാദനം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലന പരിപാടിയും സംഘടിപ്പിക്കും.

ആദിവാസി വിഭാഗങ്ങൾക്കുള്ള പച്ചക്കറിവിത്ത്-സുഗന്ധവിള തൈകളുടെ വിതരണവും പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ഉച്ചയ്ക്ക് രണ്ട് മണിക്ക് പുരവിമല ട്രൈബൽ എൽ.പി സ്‌കൂളിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിക്കും. അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു അധ്യക്ഷത വഹിക്കും.

പ്രദേശത്തെ ആദിവാസി കുടുംബങ്ങളുടെ പോഷക ലഭ്യത മെച്ചപ്പെടുത്തുന്നതിന് പഴവർഗങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നതിനുള്ള സാങ്കേതിക സഹായം നൽകുന്നതിനും ഡയറ്റ് ക്ലിനിക്കുകൾ വഴി പോഷക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പരിപാടിയും ഇതോടനുബന്ധമായി സംഘടിപ്പിക്കും.

അമ്പൂരി-കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, നെടുമങ്ങാട് ഐ.ടി.ഡി പ്രോജക്ട് ഓഫീസർ എ.റഹീം, വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. എ.അനിൽകുമാർ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ വിവിധ ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും

NO COMMENTS