കലോത്സവ ഊട്ടുപുര വിശേഷങ്ങള്‍ ആടാന്‍,പാടാന്‍ പതിനായിരങ്ങളെ ഊട്ടാന്‍…

112

കാസറഗോഡ് : ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംസ്ഥാന സ്‌കൂള്‍ കലോത്സവം ജില്ലയിലെത്തുമ്പോള്‍ വിരുന്നെത്തുന്ന അഥികള്‍ക്ക് വയറും മനസ്സും നിറച്ച് സ്‌നേഹം വിളമ്പാന്‍ കയ്യും മെയ്യും മറന്നുള്ള ഓട്ടത്തിലാണ് കാസര്‍കോട്ടുകാര്‍. പാറശാല മുതല്‍ മഞ്ചേശ്വരം വരെയുള്ളവര്‍ക്ക് ഒരുപോലെ മനസ്സു നിറഞ്ഞ് ഉണ്ണാന്‍ എട്ടുകൂട്ടം കറികളും പായസവും കൂടി ചേര്‍ന്ന നല്ല നാടന്‍ സദ്യയും പ്രഭാത ഭക്ഷണവും നാലുമണി പലഹാരവും അത്താഴവുമെല്ലാം ഗംഭീരമാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ഭക്ഷണ കമ്മിറ്റി.

ഗാന്ധിയെയും കാസര്‍കോടിനെയും അറിഞ്ഞ് കഴിക്കാം

കലോത്സവത്തിനെത്തുന്ന 28 കലോത്സവ വേദികളിലെയും മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സംഘാടകര്‍ക്കും ഭക്ഷണമൊരുക്കുന്നത് കൊവ്വല്‍ പള്ളിയില്‍ തയ്യാറായി കൊണ്ടിരിക്കുന്ന ഭക്ഷണ പന്തലിലാണ്. രണ്ട് വി.ഐ.പി കൗണ്ടറുകളടക്കം 18 കൗണ്ടറുകളിലായാണ് ഭക്ഷണം വിളമ്പുക. ഒരോ കൗണ്ടറിലും 2500 പേര്‍ക്കിരുന്ന് വയര്‍ നിറച്ച് കഴിക്കാം. 50000 സ്‌ക്വയര്‍ഫീറ്റില്‍ തയ്യാറാക്കുന്ന ഭക്ഷണ പന്തലിലും കുറെ സസ്‌പെന്‍സ് ഒളിഞ്ഞിരിപ്പുണ്ട്. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഒരോ കൗണ്ടറിനും ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട പേരുകളും സ്ഥലനാമങ്ങളുമാണ് നല്‍കുക. കൂടാതെ ഗാന്ധി ചിത്രങ്ങള്‍, സുക്തങ്ങള്‍ തുടങ്ങി പന്തലിന്റെ മുക്കിലും മൂലയിലും വരെ ഗാന്ധിജി നിറഞ്ഞു നില്‍ക്കും. ഗാന്ധിജിക്കൊപ്പം കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍ കോട്ടയും യക്ഷഗാനവും തെയ്യവുമെല്ലാം ഭക്ഷണ പന്തലിലുട നീളം കാണാനാകും.

വാഴ ഇലയില്‍ വയര്‍ നിറച്ചുണ്ണാം

കാസര്‍കോടിന്റെ സ്വന്തം ഗോളിബജെയും,ഗസിയും ഒക്കെ ചേര്‍ന്നുള്ള അടിപൊളി വിഭവങ്ങളാണ് കലോത്സവത്തിനെത്തുന്നവരെ കാത്തിരിക്കുന്നത്. ഉച്ചയൂണിന് മധുരം ചേര്‍ക്കാന്‍ തെക്കിനും വടക്കിനും ഒരുപോലെ ആസ്വാദ്യമാകുന്ന അടപ്രഥമനും ചേനപ്രഥമനും പാലടപ്പായസവും പാല്‍പ്പായസവും ഒക്കെയുണ്ടാകും. പുട്ടും,അപ്പവും ഉപ്പുമാവും ഇഡലിയുമൊക്കെയായി രാവിലെ ഏട്ടുമണിക്ക് എട്ടായിരം പേര്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് വിഭവ സമൃദമായ സദ്യ വൈകീട്ട് നാലിന് ചായയും പലഹാരവും രാത്രി അത്താഴം.

രുചിച്ചറിയാം പഴയിടത്തിന്റെ കൈപ്പുണ്യം: വിഭവങ്ങളിലുമുണ്ട് ചില സസ്‌പെന്‍സ്

വയറും മനസ്സും ഒരുപോലെ നിറയാന്‍ ഇത്തവണയും കേരള സ്‌കൂള്‍ കലോത്സവത്തില്‍ രുചിയുടെ രസക്കൂട്ട് ഒത്തിരിയുണ്ടാകും. കാരണം കലയുടെ മേളത്തില്‍ രുചിയുടെ കൊഴുപ്പേകുന്നത് പാചക കലയുടെ കുലപതിയായ പഴയിടം മോഹനന്‍ നമ്പൂതിരിയാണ്.കഴിഞ്ഞ 13 വര്‍ഷമായി കലോത്സവത്തിനൊപ്പം ചേര്‍ത്തു വായിക്കുന്ന കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം സ്വദേശിയായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കൈപുണ്യത്തില്‍ വിഭവ സമൃദ്ധമായിരിക്കും ഊട്ടുപുര. ഊണും എട്ടുകൂട്ടം കറികളും പായസവുമായി സദ്യക്കൊപ്പം കാസര്‍കോടിന്റെ രുചിയില്‍ പ്രത്യേക ഇനങ്ങള്‍ കൂടിയുണ്ടാകും കലോത്സവ പാചകപ്പുരയില്‍.

പാലുകാച്ചല്‍ 27ന്

രണ്ടായിരത്തിലേറെ പേരുള്ള ഭക്ഷണ കമ്മിറ്റിയില്‍ 24 ഉപസമിതികളുണ്ട്. നവംബര്‍ 26 ന് ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും മറ്റുമായി വിഭവങ്ങള്‍ ശേഖരിക്കാന്‍ കലവറ വിഭവ ശേഖരണം നടത്തും. നവംബര്‍ 27 രാവിലെ 10.30 നാണ് പാലുകാച്ചല്‍ ചടങ്ങ് ഭക്ഷണ പന്തലില്‍ നടക്കും.

NO COMMENTS