ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍ പതാക ദിനം ആചരിച്ചു

126

കാസറകോട്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും പോരാട്ട ഭൂമിയില്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന ധീരജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ത്യാഗസ്മരണകള്‍ പുതുക്കി ജില്ലയില്‍ സായുധ സേനാ പതാക ദിനം സംഘടിപ്പിച്ചു.

രാഷ്ട്ര സുരക്ഷയ്ക്കായി ജീവിതത്തിന്റെ നല്ല കാലം ഹോമിച്ച വിമുക്തഭടന്മാരുടെയും മാതൃരാജ്യത്തിന്റെ സ്വാത ന്ത്ര്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ ധീരമായി പൊരുതുന്ന മുഴുവന്‍ സൈനികരെയും ഓര്‍ക്കാന്‍ ഈ ദിനം സഹായിക്കുമെന്നും അവശരായ വിമുക്ത ഭടന്മാരോടും അവരുടെ ആശ്രിതരോടും കൃതജ്ഞത കാണിക്കാനുള്ള ഒരവസരമാണ് സായുധസേനാ പതാകദിനമെന്നും ഡെപ്യൂട്ടി കളക്ടര്‍ ടി ആര്‍ അഹമ്മദ് കബീര്‍ പറഞ്ഞു.

സായുധ സേനാ പതാകദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ സൈനീക ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ബ്രിഗേഡിയര്‍ ടിസി അബ്രഹാം അധ്യക്ഷനായി.

കളക്ടറേറ്റിലെ കാര്‍ഗില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.കാഞ്ഞങ്ങാട് ഇ.സി.എച്ച്.എസ്. പോളി ക്ലിനിക് ഒ.ഐ.സി. ബ്രിഗേഡിയര്‍ കെ എന്‍ പി നായര്‍ സായുധസേന പതാക ദിനസന്ദേശം നല്‍കി. പത്താം ക്ലാസ് ,പ്ലസ്ടു പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. തുടര്‍ന്ന് വിമുക്ത ഭടന്മാരുടെ ബോധവത്കരണ സെമിനാറും നടന്നു.

ചടങ്ങില്‍ മേജര്‍ കെ.പ്രദീപന്‍,കാസര്‍കാട് കെ.എസ്.ഇ.എസ്.എല്‍ പ്രസിഡന്റ് കെ. നാരായണന്‍ നായര്‍, കാസര്‍കോട് എയര്‍ഫോഴ്സ് അസോസിയേഷന്‍ പ്രസിഡന്റും റിട്ട.സ്‌ക്വാഡ് ലീഡര്‍ എം. കൃഷ്ണന്‍ നായര്‍ ,അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവ പരിഷത്ത് സെക്രട്ടറി കെ.പി രാജന്‍, എന്‍.സി.സി. കേഡറ്റ് എ.ഹര്‍ഷവര്‍ദ്ധന്‍. എന്നിവര്‍ സംസാരിച്ചു.ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ടി.കെ രാജന്‍ സ്വാഗതവും വെല്‍ഫെയര്‍ ഓഫീസര്‍ പി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

NO COMMENTS