വികെ പ്രശാന്തിനെ മേയര്‍ സ്ഥാനത്ത് നിലനിര്‍ത്തുന്ന എല്ലാ സാധ്യതകളും സിപിഎം പരിശോധിക്കുന്നു.

159

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ വികെ പ്രശാന്തിനെ മേയര്‍ സ്ഥാനത്ത് നിലനിര്‍ത്തുന്ന സാധ്യതകളും സിപിഎം പരിശോധിക്കുന്നു. വികെ പ്രശാന്ത് മേയര്‍ പദവിയില്‍ തുടരുന്നതില്‍ പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങള്‍ ഒന്നുമില്ലെങ്കിലും നിയമ വശങ്ങള്‍ കൂടി പരിഗണിച്ചേ ഇക്കാര്യത്തില്‍ സിപിഎം അന്തിമ തീരുമാനത്തില്‍ എത്തുകയുള്ളു.

ഇടതുപക്ഷത്തിന് കേവല ഭൂരിപക്ഷം ഇല്ലാത്ത നഗരസഭയില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് വരെ പ്രശാന്തിനെ തന്നെ മേയറായി നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് സിപിഎം നേതൃത്വം ഇപ്പോള്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച നിയമവശങ്ങളും പാര്‍ട്ടി പരിശോധിച്ച്‌ വരികയാണ്.

എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് മേയര്‍ സ്ഥാനത്ത് തുടരുന്നതില്‍ നിയമ തടസ്സമില്ലെന്നാണ് 2017 ലെ മധ്യപ്രദേശ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിച്ച്‌ നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട മാലിനി ഗൗഡ് ഇന്‍ഡോര്‍ മേയര്‍ സ്ഥാനത്തും തുടരുന്നതിനിതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളുകയായിരുന്നു.

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാലിനി മേയര്‍ പദവിയില്‍ തുടരുന്നത് മുന്‍സിപ്പാലിറ്റി ചട്ടങ്ങള്‍ക്ക് എതിരാണെന്നായിരുന്നു എതിര്‍ കക്ഷിയുടെ ആരോപണം. എന്നാല്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച കോടതി ഒരേ സമയം എംഎല്‍എ ആയും മേയര്‍ പദവിയിലും തുടരുന്നതില്‍ നിയമ വിരുദ്ധമല്ലെന്ന് വിധിക്കുകയായിരുന്നു. ഈ വിധിയുടെ സാധ്യതകളാണ് തിരുവനന്തപുരത്ത് സിപിഎമ്മും പരിശോധിക്കുന്നത്.

NO COMMENTS