മോഡൽ സ്കൂൾ – തമ്പാനൂർ റോഡ് ആൾനൂഴിയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി ആന്റണി രാജു

17

മോഡൽ സ്കൂളിൽ നിന്നും തമ്പാനൂർ ബസ്-റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകുന്ന പ്രധാന റോഡിന്റെ ഇരു ഭാഗങ്ങളിലുമായി അപകടനിലയിലായ ആൾ നൂഴിയുടെ നിർമാണ പ്രവർത്തനം ജനുവരി 4 നു മുമ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ആൾനൂഴിക്കു ചുറ്റും മണ്ണിളകി റോഡിനു നടുക്കായി ഗർത്തം ഉണ്ടാകുകയും റോഡു തന്നെ തകരുന്ന അവസ്ഥയിലുമാണ്. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർ എന്നിവരുടെ അടിയന്തര യോഗം ചേരുകയും ബദൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.

ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ഇവിടെക്കുള്ള ബദൽ ഗതാഗത റൂട്ട് നിശ്ചയിച്ചിട്ടുള്ളത്. കെ. എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ ബസുകളും ഈ റോഡിലൂടെ വരുന്ന മറ്റു വാഹനങ്ങളും എം.ജി. റോഡു വഴിയാണ് പോകേണ്ടത്. റോഡിന്റെ കിഴക്ക് വശത്താണ് അപകട നിലയിലായിരിക്കുന്ന ആൾനൂഴിയുള്ളത്. തമ്പാനൂർ നിന്ന് കിഴക്കോട്ട് പോകുന്ന വാഹനങ്ങൾ പടിഞ്ഞാറുവശത്തുകൂടി പഴയതു പോലെ വൺവേ ആയി പോകാൻ സാധിക്കും. എന്നാൽ തമ്പാനൂരിലേക്ക് വടക്കുനിന്നു വരുന്ന വാഹനങ്ങൾ കിഴക്കു വശത്തേക്ക് പോകാൻ സാധിക്കില്ല. ഈ വശത്തെ ഗതാഗതം നിർമാണ പ്രവർത്തനങ്ങൾക്കായി നിരോധിച്ചിരിക്കുകയാണ്. എങ്കിൽ മാത്രമേ ഈ ജോലി പൂർണമാക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

റോഡിന് ഇരുവശത്ത് പ്രവർത്തിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലാണ് ഗതാഗത സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ നിരവധി ട്രാഫിക് വാർഡൻമാരെ നിയോഗിച്ചിട്ടുണ്ട്. അത്യാവശ്യമായി ഇവിടെയുള്ള സ്ഥാപനങ്ങളിലേക്ക് പോകേണ്ട വാഹന ങ്ങളെ ക്രമീകരിച്ചുതന്നെ പോകുന്നതിന് വേണ്ട നടപടികൾ അസിസ്റ്റന്റ് കമ്മീഷണറുടെ മേൽനോട്ടത്തിൽ സ്വീകരിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഐഡി കാർഡ് ഉപയോഗിച്ച് സ്ഥാപനങ്ങളിൽ പ്രവേശിക്കേണ്ടതും ഏറ്റവും അത്യാവശ്യക്കാർ മാത്രം പ്രസ്തുത സ്ഥാപനങ്ങളിലേക്ക് എത്തേണ്ടതുമാണെന്നും പൊതുജനങ്ങൾ പൂർണമായും സഹകരിക്കണെന്നും മന്ത്രി പറഞ്ഞു.

NO COMMENTS