സമ്പൂർണ പാർപ്പിട പദ്ധതി – കുന്നംകുളം നഗരസഭ മാതൃകയാവുന്നു

110

പിഎംഎവൈ-ലൈഫ് മിഷൻ പദ്ധതിയിലൂടെ 333 വീടുകൾ നിർമിച്ച് താക്കോൽ ദാനം നടത്തിയതിലൂടെ കുന്നംകുളം നഗരസഭയ്ക്ക് നേട്ടം. ഈ പദ്ധതി പ്രകാരം 49 വീടുകളുടെ നിർമാണം കൂടി പൂർത്തിയായിട്ടുണ്ട്. ഇവയും ഉടൻ കൈമാറും.

സമ്പൂർണ പാർപ്പിട പദ്ധതിയുടെ ഭാഗമായി 72 ശതമാനം പദ്ധതി നിർവഹണവും നടത്താൻ നഗരസഭയ്ക്കായി. 1018 അംഗീകൃത ഗുണഭോക്താക്കളിൽ 966 കുടുംബങ്ങളാണ് ഇതിനകം ഭവനനിർമാണം ആരംഭിച്ചിട്ടുള്ളത്. 964 കുടുംബങ്ങൾക്ക് ആദ്യ ഗഡുവും 804 കുടുംബങ്ങൾക്ക് രണ്ട് ഗഡുവും 581 ഗുണഭോക്താക്കൾക്ക് മൂന്ന് ഗഡു തുകയും നഗരസഭ വിതരണം ചെയ്തു. നഗരസഭ 16, 14,73,690 രൂപയാണ് ഇതിനായി ചെലവഴിച്ചത്. സംസ്ഥാന വിഹിതം 3,69,50,000, കേന്ദ്ര വിഹിതം 11,08,50,000 രൂപയും ഈയിനത്തിൽ ചെലവഴിച്ചിട്ടുണ്ട്.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ വിഹിതമായി 49,31,387 രൂപയും വിതരണം ചെയ്തു. ആകെ 43,16,32,000 രൂപയുടെ പദ്ധതിയിൽ നഗരസഭയ്ക്ക് 30,92,73,690 രൂപയും ചെലവഴിച്ചിട്ടുണ്ട്.

നഗരസഭയിലെ ഭവന നിർമാണ പദ്ധതിയിലെ കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള അംഗീകാർ ക്യാമ്പയിനും നഗരസഭയിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സൗജന്യ ഗ്യാസ് കണക്ഷൻ, ആരോഗ്യ ഇൻഷൂറൻസ്, ആരോഗ്യം, ശുചിത്വം, ഊർജ സംരക്ഷണം, ജല സംരക്ഷണം, മാലിന്യ സംസ്‌കരണം എന്നിവയിലും ബോധവത്ക്കരണം നടത്തും. മൊബൈൽ ആപ്പ് ഉപയോഗിച്ച് ഗുണഭോക്തൃ കുടുംബങ്ങളുടെ വിവരശേഖരണവും ഇതോടൊപ്പം നടത്തും.

നിർമിച്ചു നൽകിയ വീടുകളിൽ നിന്ന് മാലിന്യ സംസ്‌കരണം, ഊർജ സംരക്ഷണം, ശുചിത്വം, മഴവെള്ള സംഭരണം, അടുക്കള കൃഷി, പൂന്തോട്ടം എന്നീ മികവുകൾ കണ്ടെത്തി നഗരസഭയിലെ രണ്ട് സി ഡി എസ്സുകളിൽ നിന്ന് രണ്ട് കുടുംബങ്ങളെ ഹരിത ഭവനമായി തിരഞ്ഞെടുത്ത് ഉപഹാരവും നൽകാനും നഗരസഭയ്ക്കായി.

NO COMMENTS