കളിത്തോക്കെന്ന വ്യാജേന യഥാർഥ തോക്ക് ഇറക്കുമതി ചെയ്യാൻ സഹായിച്ച ആറ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ കേസ്

23

മുംബൈ: കളിത്തോക്കെന്ന വ്യാജേന യഥാർഥ തോക്ക് ഇറക്കുമതി ചെയ്യാൻ സഹായിച്ച മുംബൈ എയർ കാർഗോ കോംപ്ലക്സിലെ മുൻ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.എസ് പവൻ ഉൾപ്പെടെയുള്ള ആറ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്.

2016, 2017 വർഷങ്ങളിലാണ് തട്ടിപ്പ് നടന്നത്. പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചരക്ക് രേഖകളിൽ കളി തോക്കെന്ന് രേഖപ്പെടുത്തിയാണ് തോക്കുകൾ ഇറക്കുമതി ചെയ്തെന്ന് എഫ്.ഐ.ആർ റിപ്പോർട്ടിൽ പറയുന്നു. ഇവ ഇറക്കുമതി ചെയ്ത ബാലാജി ഓട്ടോമോട്ടീവ് സൊലൂഷൻസ് എന്ന കമ്പനിക്കെതിരേയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്.

പ്രതികളുടെ മുംബൈ, പുണെ, ഡൽഹി എന്നിവിടങ്ങളിലെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഒമ്പത് ലക്ഷം രൂപയും ചില രേഖകളും സിബിഐ പിടിച്ചെടുത്തിയിരുന്നു. ഇതൊരു അഴിമതി കേസ് മാത്രമല്ല സുരക്ഷാ വശങ്ങളും കേസിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ തന്നെ അഴിമതി വിരുദ്ധ നിയമത്തിനൊപ്പം ആയുധ നിയമവും പ്രതികൾക്കെതിരേ ചുമത്തുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.

2016ൽ കളിത്തോക്കെന്ന വ്യാജേന 255 തോക്കുകൾ ബാലാജി ഓട്ടോമോട്ടീവ് ഇറക്കുമതി ചെയ്തുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. 2017 മേയിലാണ് സ്പെഷ്യൽ ഇന്റലിജൻസ് ഇതുസംബന്ധിച്ച തട്ടിപ്പ് തിരിച്ചറിഞ്ഞത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസ് കേന്ദ്ര വിജിലൻസ് കമ്മീഷന് കെമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.

NO COMMENTS