48 മണിക്കൂര്‍ ദേശീയ പണിമുടക്ക‌് തിങ്കളാഴ‌്ച അര്‍ധരാത്രി മുതല്‍

175

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ‌് യൂണിയനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക‌് തിങ്കളാഴ‌്ച അര്‍ധരാത്രി മുതല്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പണിമുടക്കിന‌് സംസ്ഥാനം ഒരുങ്ങി. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ ജീവനക്കാര്‍, ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, സ്‌കീം വര്‍ക്കേഴ്‌സ് തുടങ്ങി സംഘടിത, അസംഘടിത, പരമ്ബരാഗത, സേവന മേഖലകളില്‍നിന്നുള്ള മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ വാഹനഗതാഗതം സ്തംഭിക്കും. ബാങ്ക‌്–ഇന്‍ഷൂറന്‍സ‌്–ബിഎസ‌്‌എന്‍എല്‍ ജീവനക്കാരും പണിമുടക്കും.

മിനിമം വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക – സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, സ്‌കീം തൊഴിലാളികളുടെ വേതനവും സൗകര്യങ്ങളും ഉറപ്പുവരുത്തുക, ധനമേഖലയെ സംരക്ഷിക്കുക, പൊതുമേഖല വിറ്റ് തുലക്കുന്നത് നിര്‍ത്തലാക്കുക, കരാര്‍ വല്‍ക്കരണം അവസാനിപ്പിക്കുക, ഐഎല്‍ഒയുടെ 87, 98 കണ്‍വെന്‍ഷന്‍ തീരുമാനം അംഗീകരിക്കുക, തൊഴിലെടുക്കുന്നവര്‍ക്ക് മിനിമം പെന്‍ഷന്‍ പ്രതിമാസം 3000 രൂപ ഉറപ്പുവരുത്തുക, തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക‌്. ശബരിമല തീര്‍ഥാടര്‍ക്ക‌് ബുദ്ധിമുട്ട‌് ഉണ്ടാക്കാത്തവിധമായിരിക്കും പണിമുടക്ക്. പത്രം, പാല്‍ വിതരണം, ആശുപത്രികള്‍, ടൂറിസ‌്റ്റ‌് കേന്ദ്രങ്ങള്‍ എന്നിവയെ പണിമുടക്കില്‍നിന്ന‌് ഒഴിവാക്കിയിട്ടുണ്ട‌്.

NO COMMENTS