കളക്ടറേറ്റില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂം സജീവം

55

കാസറകോട് : ഇടമുറിയാതെ എത്തുന്ന ഫോണ്‍കോളുകള്‍, ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന അടിയന്തിര യോഗങ്ങള്‍, നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ അത് ലംഘിക്കുമ്പോള്‍ ബന്ധപ്പെട്ടവരെ അറിയിക്കല്‍ എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളുമായി കളക്ടറേറ്റിലെ കൊറോണ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ രാപകല്‍ വ്യത്യസമില്ലാതെ സക്രിയമാണ്. ഇവിടെ ഓരോരുത്തരും അവരവരുടെ ചുമതലകളില്‍ വ്യാപൃതരായി നാടിനെ എങ്ങനെ എത്രയും പെട്ടന്ന് കൊറോണ എന്ന മഹാമാരിയില്‍ നിന്നും രക്ഷിക്കാമെന്ന പ്രയത്‌നത്തിലാണ്.

ജില്ലയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ വ്യാപ്തി അറിയാന്‍ ആശങ്കയോടും ഭയത്തോടും കൂടി ഫോണ്‍ വിളിക്കുന്നവര്‍ക്ക്,കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയും,വിദേശത്തു നിന്ന് വന്നിട്ടും ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരെ കുറിച്ച് വിവരം കൈമാറാന്‍ വിളിക്കുന്നവരില്‍ നിന്ന് വിവരം ശേഖരിച്ച് അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൈമാറിയും നിയന്ത്രണവും നിയമവും ലംഘിക്കുന്നവരെ കുറിച്ച് പരാതിപ്പെടാന്‍ വിളിക്കുന്നവരില്‍ നിന്നും നിയമ ലംഘകരുടെ വിവരങ്ങള്‍ ശേഖരിച്ച് പോലീസിന് കൈമാറുകയും ചെയ്യുന്നു. ദിവസവും 300 ല്‍ അധികം കോളുകളാണ് കണ്‍ട്രോള്‍ റൂമില്‍ എത്തുന്നതെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു കൊറോണ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കളക്ടര്‍ നേരിട്ടും നിരവധി ഫോണ്‍ കോളുകള്‍ മറുപടി നല്‍കുന്നു.ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ 15 ഉപസമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സ്ഥിതിഗതികള്‍ അനുദിനം വിലയിരുത്തുന്നതിന് ജില്ലാ പോലീസ് മേധാവി, എഡിഎം, ഡി എം ഒ ,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡി എം ഒ, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ എന്നിവര്‍ അടങ്ങിയ കൊറോണ കോര്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.

ആരോഗ്യവകുപ്പ് ജീവനക്കാര്‍,ദുരന്ത നിവാരണ അതോറിറ്റി ജീവനക്കാര്‍,റവന്യൂ വകുപ്പ് ജീവനക്കാര്‍,കൈറ്റ് നിയോഗിച്ച അധ്യാപകര്‍, കാസര്‍കോടിനൊരിടം സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘമാണ് കൊറോണ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനത്തെ ചലിപ്പിക്കുന്നത്.ഫോണ്‍-04994 257 700.

NO COMMENTS