ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല ചുമതലയേറ്റു

27

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല ചുമതലയേറ്റു. സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. പി. എസ്. ശ്രീകല. കേരള സർവകലാശാല സിൻഡിക്കേറ്റിലും കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയിലും അംഗമായിരുന്നു.

കേരള സ്ത്രീ പഠനകേന്ദ്രം ഡയറക്ടർ, വനിതാ സഹിതി സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഇ. എം. എസിന്റെ ഭാഷാ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ള പഠനത്തിൽ യു. ജി. സി ഫെല്ലോഷിപ്പോടെ പി. എച്ച്. ഡി നേടി. സംസ്‌കൃതത്തിലെയും ദ്രാവിഡഭാഷകളിലെയും സ്ത്രീസൂചകങ്ങൾ സംബന്ധിക്കുന്ന പഠനത്തിൽ യു. ജി. സിയുടെ മേജർ റിസർച്ച് പ്രൊജക്ട് പൂർത്തിയാക്കി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവർത്തനവും, നവ നവോത്ഥാനത്തിന്റെ ഭാവുകത്വ പരിസരം എന്നിവയും വിശ്വസാഹിത്യത്തിലെ സ്ത്രീപ്രതിഭകൾ, ഇ. എം. എസ് ഭാഷ സാഹിത്യം, ഫെമിനിസത്തിന്റെ കേരള ചരിത്രം, നിലവറകൾ തുറക്കുമ്പോൾ (എഡിറ്റർ), ഇ. എം. എസിന്റെ കഥ (ബാലസാഹിത്യം), മാൽപ്രാക്ടീസ് (കഥാസമാഹാരം) തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിനിയാണ്. ഭർത്താവ് തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുൻ ചെയർമാൻ വഞ്ചിയൂർ പി. ബാബു. ഏക മകൾ തിരുവനന്തപുരം നഗരസഭ കൗൺസിലർ ഗായത്രി ബാബു.

NO COMMENTS