സുപ്രീംകോടതിയില്‍ ഇറ്റാലിയന്‍ നാവികന് അനുകൂല നിലപാടുമായി കേന്ദ്രം

181

ന്യൂഡല്‍ഹി• കടല്‍ക്കൊല കേസില്‍ രാജ്യാന്തര ട്രൈബ്യൂണലിന്റെ വിധി വരുന്നതുവരെ ഇറ്റലിയില്‍ തുടരുന്നതിന് അനുവദിക്കണമെന്നു കാട്ടി ഇറ്റാലിയന്‍ നാവികന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ജാമ്യനിബന്ധനകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റിസ് എ.ആര്‍.ദാവെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിനു മുന്‍പിലെത്തിയ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയപ്പോഴാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നിലപാട് അറിയിച്ചത്.മലയാളികളായ രണ്ട് മല്‍സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികരായ മാസിമിലിയാനോ ലത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ ഇപ്പോള്‍ ഇറ്റലിയിലാണ്.ഇതില്‍ ലത്തോറെയുടെ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. നേരത്തേ ജിറോണ്‍ നല്‍കിയ അപേക്ഷയിലെ നിബന്ധനകള്‍ പോലെ ലത്തോറെയുടെ ഹര്‍ജിയിലും തീരുമാനമെടുക്കുന്നതിനു സര്‍ക്കാരിനു കുഴപ്പമില്ലെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്.നരസിംഹ അറിയിച്ചു.
അതേസമയം, വ്യക്തമായ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 28ലേക്കു മാറ്റിവച്ചു. ഇറ്റലിയില്‍ തുടരാന്‍ ലത്തോറയ്ക്കു നല്‍കിയിരിക്കുന്ന കാലാവധി ഈ മാസം 30ന് അവസാനിക്കും.എന്നാല്‍ അപേക്ഷയുടെ പകര്‍പ്പു ലഭിക്കാത്തതിനാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കരുതെന്നു മല്‍സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റാണാ മുഖര്‍ജി അറിയിച്ചു. രാജ്യാന്തര ട്രൈബ്യൂണലിന്റെ നടപടികള്‍ 2019നു മുന്‍പു പൂര്‍ത്തിയാകാനുള്ള സാധ്യതയില്ലാത്തതിനാല്‍ ആശ്വാസനടപടികള്‍ സ്വീകരിക്കരുതെന്നു കാട്ടി സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഇന്ത്യന്‍ സുപ്രീം കോടതിയുടെ പരിധിക്കുള്ളിലാണു നാവികരെന്ന് ട്രൈബ്യൂണല്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY