കേരളത്തിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്‌എസ്; മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു!!

137

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം ഉണ്ടായ അക്രമ സംഭവങ്ങളില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ റിപ്പോര്‍ട്ടില്‍ ആര്‍എസ്‌എസിനും മറ്റു സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനം. സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളുടെ പ്രതിസ്ഥാനത്ത് ആര്‍എസ്‌എസ് ആണെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്.അക്രമങ്ങളുടെ മറവില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ശ്രമമുണ്ടായി. യുവതീപ്രവേശനത്തിന് പിന്നാലെ ആര്‍എസ്‌എസിന്‍റെ കൃത്യമായ നിര്‍ദേശം വന്നതോടെയാണ് സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ പൊലീസുകാര്‍ക്കും നിരപരാധികളായ സാധരണജനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. അനവധി പേര്‍ക്ക് ഗുരുതരപരിക്കേറ്റു. കെഎസ്‌ആര്‍ടിസി ബസുകളും സര്‍ക്കാര്‍ ഓഫീസുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും നേതാക്കളുടെ വീടുകളും സാധാരണക്കാരുടെ വീടുകളും വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും അക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
ശബരിമല പ്രക്ഷോഭത്തിന്‍റെ മറവില്‍ സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചരണങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍.

അക്രമസംഭവങ്ങളുടെ വീഡിയോകള്‍ ചിത്രങ്ങള്‍ എന്നിവ അടങ്ങിയ സിഡിയും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലില്‍ 2.32 കോടി രൂപയുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയുടെ വിശദമായ കണക്കും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാന വ്യാപകമായി 1137 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 10,024 പേര്‍ ഇത്രയും കേസുകളില്‍ പ്രതികളായുണ്ട്. ഇതില്‍ 9193 പേരും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. മറ്റു സംഘടനകളില്‍ ഉള്‍പ്പെട്ട 831 പേരെ കേസില്‍ ഉള്ളൂവെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

NO COMMENTS