രോഗികളുടെ എണ്ണത്തിൽ റെക്കോര്‍ഡ് വർദ്ധനവ്‌ – സജ്ജീകരണങ്ങൾ ശക്തമാക്കി സർക്കാർ

35

തിരുവനന്തപുരം : രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനു ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. രോഗവ്യാപനം ഉയരാതെ നോക്കിയാല്‍ മാത്രമേ, മരണങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ സാധിക്കൂവന്നും ശരാശരി 20 ദിവസം കൂടുമ്ബോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കാണുന്നതെന്നും സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായതെന്നും രോഗം കൂടുന്ന സ്ഥിതി വിശേഷമുള്ളതിനാല്‍ അതിനെ നേരിടുന്നതിനാവശ്യമായ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ശക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞു.

വരികയാണ്.കുറഞ്ഞ ദിവസത്തിനിടയില്‍ വലിയതോതിലുള്ള വര്‍ധനയാണ്. ഈ സാഹചര്യത്തില്‍ വ്യാപനം തടഞ്ഞു നിര്‍ത്തുക വളരെ പ്രധാനമാണ്. വ്യാപന സാധ്യത കുറക്കാനുള്ള ഇടപെടല്‍ നേരത്തെതന്നെ തീരുമാനിച്ചതാണ്. കേരളത്തിന്റെ അന്തരീക്ഷം മാറിയതും ഇത് നടപ്പാക്കാന്‍ തടസ്സമായിട്ടുണ്ട്. പ്രധാന പങ്ക് വഹിക്കുന്ന പൊലീസിന് ക്രമസമാധാന പാലനത്തിന് ഇറങ്ങേണ്ടി വന്നു. ഇതാണ് അടിസ്ഥാനപരമായി ഒരു തടസ്സമായി വന്നത്. ഇനി കാത്തുനില്‍ക്കാന്‍ സമയമില്ല. കര്‍ശന നടപടികളിലേക്ക് നീങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ശന നടപടി

സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാകും . കല്യാണത്തിന് 50 ശവദാഹത്തിന് ഇരുപത് എന്ന നിലയില്‍ നമ്ബര്‍ നിശ്ചയിച്ച നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കണം. ഇത്തരം കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇടപെടല്‍ ഉണ്ടാവണം. അതിന് ഇന്നുള്ള സംവിധാനം പോരാ. ഓരോ പ്രദേശത്തും പുതിയ സംഘം ആളുകളെ കൊടുക്കാന്‍ ആകണം . സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് ഓഫീസര്‍ റാങ്ക് ഉള്ളവരെ പഞ്ചായത്തുകള്‍ , മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ഇത്തരം കാര്യങ്ങളുടെ ചുമതല നല്‍കും . അവര്‍ക്ക് തല്‍ക്കാലം ചില അധികാരങ്ങള്‍ കൊടുക്കേണ്ടിവരും. മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാനും ആലോചിച്ചിട്ടുണ്ട്.

സംസ്ഥാനത്താകമാനം 225 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സി എഫ് എല്‍ ടി സി കളിലായി 32979 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. അതില്‍ 19478 ബെഡുകളില്‍ ഇപ്പോള്‍ രോഗികളെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരിക്കുന്നു.കോവിഡ് മുക്തര്‍ക്ക് പല വിധ അസുഖങ്ങള്‍ വരാനിടയുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് . അതിന് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിക്കുന്ന കാര്യം അലോചിക്കും

രോഗികളെ ചികിത്സിക്കാന്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകൾ

രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ 38 കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ 18 സി. എസ്. എല്‍. ടി.സികളില്‍ അഡ്മിഷന്‍ ആരംഭിക്കുകയും 689 രോഗികള്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഐ സി യു സൗകര്യങ്ങള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ തുടങ്ങി രോഗികളുടെ പരിചരണത്തിനും സുരക്ഷയ്ക്കും ആവശ്യമായ സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ പരമാവധി ഒരുക്കിയിട്ടുണ്ട്.

രോഗവ്യാപനം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആവശ്യാനുസൃതമായ ക്രമീകരണങ്ങള്‍ എല്ലാ തലത്തിലും ഒരുക്കുന്നുണ്ട്. കോവിഡ് സെക്കന്‍ഡറി കെയര്‍ സെന്ററുകളില്‍ ബി കാറ്റഗറിയില്‍പ്പെട്ട തീവ്രലക്ഷണമുള്ളവരെ പ്രവേശിപ്പിക്കും. ഇതിന്റെ ഭാഗമായി നിലവിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്ന നടപടികളിലേക്ക് കടന്നു. ഇവ സെക്കന്ററി കെയര്‍ സെന്ററുകളാക്കുകയും രോഗലക്ഷണങ്ങള്‍ പ്രകടമായവര്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഇവിടെ ചികിത്സയില്‍ കഴിയുന്നവരെ ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് രോഗലക്ഷണമില്ലാത്ത കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പനി, ചുമ, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും ഗൃഹചികിത്സ നിര്‍ദേശിക്കും. ഒരു വീട്ടില്‍ ഒരാള്‍ പോസിറ്റീവായാല്‍ കുടുംബാംഗങ്ങളെ കര്‍ശനമായ ഗൃഹനിരീക്ഷണത്തിലാക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ടെസ്റ്റിംഗിന് വിധേയമാക്കുകയും ചെയ്യും.

ജില്ലാ കോവിഡ് വിവരങ്ങൾ

കോഴിക്കോട് ജില്ലയില്‍ സ്ഥിതു കൂടുതല്‍ ഗൗരവതാരമാവുകയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്- 918 പേര്‍ക്ക്. അതില്‍ 900പേര്‍ക്കും സമ്ബര്‍ക്കംമൂലമാണ്.

കോട്ടയം ജില്ലയില്‍ എല്ലാ മുനിസിപ്പാലിറ്റികളിലും ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും കോവിഡ് ബാധിതരുണ്ട്. രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്നു ദിവസമായി ഗണ്യമായി വര്‍ധിക്കുന്നു.
വാഴപ്പള്ളി, കോട്ടയം, ഈരാറ്റുപേട്ട, ചങ്ങനാശേരി, പാമ്ബാടി തുടങ്ങിയ മേഖലകളില്‍ സമ്ബര്‍ക്ക വ്യാപനം ശക്തമാണ്.

പത്ത് ദിവസത്തിനുള്ളില്‍ തൃശൂര്‍ ജില്ലയില്‍ വര്‍ധിച്ചത് 4000 രോഗികളാണ്. 60 വയസ്സിന് മുകളിലുള്ള 73 പേര്‍ക്കും 10 വയസ്സിന് താഴെയുള്ള 28 പേര്‍ക്കും ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു.

വയനാട് ജില്ലയില്‍ കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നതായി കാണുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരില്‍ 105 പേരും 10 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. 16 പേര്‍ പത്തില്‍ താഴെ പ്രായമുള്ളവരും 12 പേര്‍ 60 നു മുകളില്‍ പ്രായമുള്ളവരുമാണ്.

കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ നടപടികളെയും സുരക്ഷാ മാര്‍ഗങ്ങളെയും കുറിച്ച്‌ പരിശീലനം നല്‍കും. ജില്ലയില്‍ മൂന്ന് ആശുപത്രികള്‍ ഉള്‍പ്പെടെ ആറ് ആക്ടീവ് ക്ലസ്റ്ററുകള്‍ ഉണ്ട്. 13 ക്ലസ്റ്ററുകളിലെ രോഗ ബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു.

വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായി ഒക്ടോബര്‍ 1 മുതല്‍ 7 വരെ വ്യാപകമായ പ്രചാരണപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കുടുംബശ്രീ, എന്‍എസ്‌എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും പങ്കാളിത്തം ബോധവത്കരണ കാമ്ബയിനുകളില്‍ ഉറപ്പാക്കും.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബര്‍ ഒന്ന് മുതല്‍ കോവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാകേന്ദ്രമായി മാറും. അത്യാഹിത നിലയിലുള്ള കോവിഡ് രോഗികള്‍ക്കായി 100 കിടക്കകളുള്ള വാര്‍ഡ് സജ്ജീകരിക്കും. അഞ്ച് വെന്റിലേറ്ററുകള്‍ ഇവിടെ ഒരുക്കും. കോവിഡ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് ഇവിടെ ചികിത്സാ സൗകര്യം ഒരുക്കും.

മാര്‍ഗനിര്‍ദേശങ്ങള്‍

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍, പനി, ചുമ, തൊണ്ടവേദന തുടങ്ങി ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, ആശുപത്രിയില്‍ നിന്നും രോഗലക്ഷണങ്ങള്‍ ശമിച്ച്‌ തിരികെയെത്തുന്നവര്‍ എന്നിവര്‍ക്കാണ് ഗൃഹചികിത്സ. ലോകാരോഗ്യ സംഘടന നിഷ്ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിട്ടുള്ളത്.

ചൊവ്വാഴ്ച്ച സര്‍വ്വകക്ഷി യോഗം

നമുക്കാര്‍ക്കും പരിചിതമല്ലാത്ത സാഹചര്യമാണിത്. ഇതിനെ മറികടക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരി ക്കേണ്ടിവരും. എല്ലാവരും ഒത്തൊരുമിച്ചാണ് ഇതിനെ നേരിടേണ്ടത്. തുടക്കം മുതല്‍ സര്‍ക്കാര്‍ ആ നിലപാടാണ് സ്വീകരിച്ചത്.ഗുരുതരമായ അടിയന്തര സാഹചര്യമാണ് മുന്നിലുള്ളത്. അതിനെ കുറിച്ച്‌ ആലോചിച്ചു തീരുമാനമെടുക്കാന്‍ ചൊവ്വാഴ്ച്ച സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇത്രയും നാള്‍ രോഗവ്യാപനത്തിന്റെ തോത് നിര്‍ണ്ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്ബോള്‍ രോഗനിയന്ത്രണത്തില്‍ കേരളം ബഹുദൂരം മുന്നിലായിരുന്നു. ആ സ്ഥിതിയില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.

കേസ് പെര്‍ മില്യണ്‍ കേരളത്തില്‍ 5143 ആയി. ഇന്ത്യന്‍ ശരാശരി 5852 ആണ്. എങ്കിലും കേസ് ഫറ്റാലിറ്റി റേറ്റ് ദേശീയ ശരാശരിയേക്കാള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ദേശീയ ശരാശരി 1.6 ശതമാനം ആണെങ്കില്‍ കേരളത്തില്‍ അത് 0.4 ശതമാനം മാത്രമാണ്. രോഗികള്‍ നമ്മള്‍ നല്‍കുന്ന മികച്ച പരിചരണത്തിന്റേയും സൗകര്യങ്ങളുടേയും ഗുണഫലമാണത്.

NO COMMENTS