മഴവെള്ള ശേഖരണം: ദേശീയ വെബിനാറിൽ വിഷയാവതരണത്തിന് കേരളത്തിന് ക്ഷണം

13

തിരുവനന്തപുരം : മഴവെള്ള ശേഖരണം എന്ന ദേശീയ പ്രചരണത്തിന്റെ ഭാഗമായി ജൂൺ എട്ടിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തുന്ന വെബിനാറിൽ പ്രസന്റേഷനായി കേരളത്തെ തിരഞ്ഞെടുത്തു. ഗുജറാത്ത്, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തെയും തിരഞ്ഞെടുത്തത്. ലോക ജലദിനത്തോടനുബന്ധിച്ച് മാർച്ച് 22ന് പ്രധാനമന്ത്രിയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. കേരളത്തിനായി അമൃത് മിഷൻ ഡയറക്ടറും നഗരകാര്യ വകുപ്പ് ഡയറക്ടറുമായ ഡോ. രേണു രാജ് ആണ് പ്രസന്റേഷൻ അവതരിപ്പിക്കുക.

Catch the rain, where it falls, when it falls എന്ന ആപ്തവാക്യമാണ് പ്രചരണ പരിപാടി മുന്നോട്ട് വയ്ക്കുന്നത്. തുടർച്ചായ രണ്ട് പ്രളയങ്ങളുടെ പാഠങ്ങൾ ഉൾക്കൊണ്ട് മഴവെളള കൊയ്ത്തുമായി ബന്ധപ്പെട്ട് സംസ്ഥാനം നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളും പദ്ധതികളും കണക്കിലെടുത്താണ് ഈ മേഖലയിലെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസന്റേഷന് കേരളത്തെ ക്ഷണിച്ചത്.

ശുദ്ധജല ക്ഷാമം അതിരൂക്ഷമായ ഇതര സംസ്ഥാനങ്ങൾക്ക് കേരളത്തിന്റെ ഈ അനുഭവ പാഠങ്ങൾ ജല സംരക്ഷണത്തിനും മഴവെള്ളക്കൊയ്ത്തിനുമായി പദ്ധതികൾ രൂപീകരിക്കാൻ പ്രചോദനവും മാർഗദർശകവുമായിരിക്കും. സംസ്ഥാനത്തിന് വേണ്ടി സ്റ്റേറ്റ് മിഷൻ മാനേജ്‌മെന്റ് യൂണിറ്റാണ് (അമൃത്) പ്രസന്റേഷൻ തയ്യാറാക്കിയിരിക്കുന്നത്.

NO COMMENTS