ആരോരുമില്ലാത്തവർക്ക് ദൈവം തുണ ; റാഫി പാങ്ങോടിന്‍റെ നേരിട്ടുള്ള ചില അനുഭവങ്ങൾ

467

സൗദി അറേബ്യ : ഞങ്ങളുടെ ട്രാവൽസിന്റെ ആവശ്യത്തിനായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഞാൻ മാർക്കറ്റിങിന് വേണ്ടി പോകുമായിരുന്നു. ആ സമയത്ത് എന്റെ കൂടെ കല്ലറ സ്വദേശി സാദത്ത്, സലിംഷായും ഉണ്ടായിരുന്നു. ഇപ്പോൾ ജിദ്ദയിലെ മാർക്കറ്റിങിന് വേണ്ടി ഷറഫിയയിൽ ഒരാഴ്ചയോളം തങ്ങേണ്ടി വന്നു. ആ സമയത്ത് സൗദിയിൽ കൃത്യമായ രേഖകൾ ഇല്ലാതെ അനധികൃതമായി തങ്ങുന്നവർ കന്തറ പാലത്തിന്റെ അടിയിലായിരുന്നു തമ്പടിച്ചിരുന്നത്. അനേകം രാജ്യങ്ങളിൽ നിന്നുള്ളവർ അവിടെ ഉണ്ടായിരുന്നു. അതിൽ ഇന്ത്യക്കാരുടെ ക്യാമ്പ് ഞാൻ സന്ദർശിച്ചു. അതിൽ സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ഉണ്ടായിരുന്നു. അതിൽ പലരും രോഗം ബാധിച്ചവരും ആയിരുന്നു. അവർ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈ നീട്ടുന്നത് കണ്ട് എന്റെ മനസൊന്നു പിടഞ്ഞു. ഒരു നേരത്തെ ആഹാരമെങ്കിലും അവർക്ക് കൊടുക്കണം എന്ന് ഞാൻ തീരുമാനിച്ചു. ആ തീരുമാനത്തിൽ ഒരു ദിവസം രാത്രി ചിക്കൻ കറിയും കുബ്ബൂസും അടുത്ത ദിവസം ടാൽ കറിയും കുബ്ബൂസും എനിക്ക് എത്തിച്ച് കൊടുക്കാനേ കഴിഞ്ഞൂള്ളു. അതിനു ശേഷം ജിദ്ദ തർഹീലിലെ ഏതെങ്കിലും ഒരു മേധാവിയെ പരിചയപ്പെടുത്തിതരുന്നത്തിന് വേണ്ടി എന്റെ സുഹൃത്തായ റിയാദിലെ തർഹീൽ മേധാവിയുമായി ഞാൻ ബന്ധപ്പെട്ടു. അതിന്റെ ഭാഗമായി ജിദ്ദയിലെ ഒരു മേധാവിയെ എനിക്ക് അദ്ദേഹം പരിചയപ്പെടുത്തി തന്നു. ഞാൻ അദ്ദേഹത്തെ പോയി നേരിട്ട് കണ്ടു. വളരെ നല്ല രീതിയിൽ ആണ് അദ്ദേഹം എന്നെ സ്വീകരിച്ചത്.

കന്തറ പാലത്തിനടിയിലുള്ളവരെ കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അവർക്ക് ഇത് ഒരു പുതിയ അറിവല്ലായിരുന്നു. ആയിരക്കണക്കിന് പേർ അവിടെ ഉള്ളത്കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു അവർ. ഇന്ത്യക്കാർ എന്നതിന് തെളിവ് ആയിട്ട് പാസ്പോർട്ട് എങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരെ നാട്ടിൽ വിടാം എന്നദ്ദേഹം പറഞ്ഞു. എനിക്കത് വളരെ പ്രതീക്ഷ നൽകുന്ന വാക്കായിരുന്നു. സർ, അവരുടെ കയ്യിൽ പാസ്പോർട്ട് ഉണ്ടെങ്കിൽ അവരെ നാട്ടിൽ കയറ്റി വിടാമോ എന്ന് ഞാൻ വീണ്ടും എടുത്ത് ചോദിച്ചു. തീർച്ചയായും കഴിയും പക്ഷെ അവരുടെ പേരിൽ ഒരു കേസും ഉണ്ടാകരുത് എന്നദ്ദേഹം പറഞ്ഞു. പാസ്പോർട്ട് ഉള്ളവർക്ക് ഒരു വണ്ടി അയക്കാം, അവരെ അതിൽ കയറ്റിയാൽ തർഹീൽ വഴി നാലഞ്ചു ദിവസത്തിനുള്ളിൽ നാട്ടിൽ എത്തിക്കാനുള്ള പരിപാടി ചെയ്യാം എന്ന് തർഹീൽ മേധാവി പറഞ്ഞു. ഈ വിവരം ഞാൻ അഡ്വ. R മുരളീധരനെ അറിയിച്ചു. അതിനുശേഷം മുരളിയേട്ടൻ ജിദ്ദ കൗൺസലേറ്റിലെ വിജയൻ സാറിനു ഒരു മെയിൽ അയച്ചു, റാഫി പാങ്ങോട് എന്ന ആൾ കാണാൻ വരും. ഞങ്ങളുടെ സംഘടനയുടെ പ്രതിനിധി ആണ്. അദ്ദേഹത്തിന് ഒരു അപ്പോയിന്മെന്റ് കൊടുക്കണം. ഇതായിരുന്നു മെയിലിന്റെ ഉള്ളടക്കം. ഇതേ തുടർന്ന് പിറ്റേദിവസം തന്നെ അദ്ദേഹത്തെ കാണുവാനുള്ള അനുവാദം എനിക്ക് ലഭിച്ചു. രാവിലെ പത്ത് മണിക്ക് ഞാൻ അദ്ദേഹത്തെ ഓഫീസിൽ പോയി കാണുകയും കന്തറ പാലത്തിനടിയിൽ കണ്ട ദയനീയമായ അവസ്ഥ പറയുകയും ചെയ്തു. അദ്ദേഹത്തിന് ഈ കാര്യത്തിന്റെ ഗൗരവം അറിയാമായിരുന്നു. അവർക്കും ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യം ആയിരുന്നു. ഞാൻ പറഞ്ഞു അവിടെ സ്ത്രീകളും കുട്ടികളും ഉണ്ട്. അതിൽ പലരും മരിച്ചു എന്ന് ആണ് കേട്ടത്. അപ്പോൾ അദ്ദേഹം പറഞ്ഞു ഇവിടത്തെ തർഹീൽ അവരെ ജയിലിൽ ആക്കിയാൽ മാത്രമേ പാസ്പോർട്ട് നൽകി അവരെ നാട്ടിൽ കയറ്റി വിടാൻ ഞങ്ങൾക്ക് സാധിക്കു. അപ്പോൾ ഞാൻ പറഞ്ഞു കഴിഞ്ഞ ദിവസം ഞാൻ ഈ കാര്യത്തെകുറിച് തർഹീൽ മേധാവിയുമായി സംസാരിച്ചു. അവിടെ ഉള്ളവർക്ക് പാസ്പോർട്ട് ഉണ്ടെങ്കിൽ അവരെ നാട്ടിൽ കയറ്റി വിടാം എന്നാണദ്ദേഹം പറഞ്ഞത്. അപ്പോൾ വിജയൻ സർ എന്നോട് ചോദിച്ചു. റാഫിക്ക് അതിനു എനിക്ക് എന്തെങ്കിലും ഉറപ്പ് തരാൻ സാധിക്കുമോ എന്നും അവരെ കയറ്റി വിട്ടതിനു ശേഷമേ ഞാൻ റിയാദിൽ പോകു എന്നും ഞാൻ അദ്ദേഹത്തിന് ഉറപ്പ് പറഞ്ഞു.

അന്ന് രണ്ട് മണിക്ക് ശേഷം അദ്ദേഹം എന്നെ വിളിച്ചു. അവർ ഇന്ത്യക്കാർ എന്നതിന് തെളിവായി പാസ്സ്പോർട്ടിന്റെയോ ഇലക്ഷൻ ഐ.ഡി യുടെയോ റേഷൻ കാർഡിന്റെയോ കോപ്പി കൊണ്ട് വരാൻ അദ്ദേഹം പറഞ്ഞു. ഞാൻ ഉടൻ തന്നെ അവിടെ തങ്ങിയിരുന്ന ഇന്ത്യക്കാരുടെ അടുത്തെത്തി. കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ഫോട്ടോയും ഐ.ഡി കാർഡിന്റെ കോപ്പിയും റെഡിയാക്കി വെക്കാൻ പറയുകയും ചെയ്തപ്പോൾ എല്ലാവരുടെയും മുഖത്ത് പ്രതീക്ഷയുടെ വെളിച്ചം കണ്ടു ഞാൻ സന്തോഷവാനായി. അപേക്ഷാഫോറം പൂരിപ്പിച്ചു വാങ്ങുന്നതിനു വേണ്ടി ഞാൻ അവരിൽ നിന്ന് തന്നെ മൂന്ന് പേരെ നിയോഗിക്കുകയും. പിറ്റേ ദിവസം രാവിലെ 8.30 ആയപ്പോഴേക്കും 365 പേരുടെ വിവരങ്ങൾ എനിക്ക് തരുകയും ചെയ്തു. ഞാൻ അതുമായി വിജയൻ സാറിനെ സമീപിക്കുകയും അന്ന് 4 മണിക് 65 പേരുടെ വൈറ്റ് പാസ്പോർട്ട് അദ്ദേഹം എനിക്ക് തരുകയും അത്രയും പേരെയും തർഹീൽ മേധാവി അയച്ച ബസിൽ കയറ്റി വിട്ടു. എന്തായാലും ഈ ദൗത്യത്തിന്റെ ആദ്യ ഘട്ടം വളരെ ഭംഗിയായി വിജയിച്ചു. ഇവരെ കയറ്റി വിട്ട വിവരം ഞാൻ പിറ്റേന്ന് ചെന്ന് വിജയൻ സാറിനെ അറിയിച്ചു. അദ്ദേഹത്തിനും ഇത് കേട്ടപ്പോൾ സന്തോഷമായി. അന്ന് വൈകുന്നേരം വീണ്ടും കുറച്ച് പേരുടെ വൈറ്റ് പാസ്പോർട്ട് എനിക്ക് അദ്ദേഹം തന്നു. ഞാൻ 240 പുതിയ അപേക്ഷകളും കൊടുത്തു. പിറ്റേ ദിവസം അവരെയും തർഹീലിൽ എത്തിക്കുവാൻ കഴിഞ്ഞു. പലരും നിറ കണ്ണുകളോടെ ആണ് എന്നോട് യാത്ര പറഞ്ഞത്. ഞങ്ങൾ ഇവിടെ കിടന്നു കഷ്ടപ്പെട്ടപ്പോൾ ആരും സഹായിക്കാനില്ലയിരുന്ന ഞങ്ങളുടെ മുന്നിൽ ദൈവമാണ് നിങ്ങളെ കൊണ്ട് എത്തിച്ചതെന്ന് നിറകണ്ണുകളോടെയാണ് എന്നോട് അവർ പറഞ്ഞത്. ഈ സംഭവം ജിദ്ദയിലുള്ള എല്ലാ സംഘടനകൾക്കും, മറ്റു രാജ്യങ്ങളുടെ എംബസികൾക്കും ഇതൊരു മാതൃകയായി. അതിനു ശേഷം തർഹീൽ മേധാവിയോടും വിജയൻ സാറിനോടും നന്ദി പറഞ്ഞ് ഞാൻ റിയാദിലേക്ക് തിരിച്ചു. തുച്ഛമായ ഒരു മാസം കൊണ്ട് കന്ത്ര പാലത്തിന്റെ അടിഭാഗം ഒരാളെ പോലും കാണാനില്ലെന്ന് റാഫി പാങ്ങോട് പറയുന്നു.

NO COMMENTS