മുതിർന്ന പൗരന്മാർക്കുള്ള തപാൽ വോട്ട് ഇനി 85 വയസ്സിന് മുകളിലുള്ളവർക്ക്

16

തിരഞ്ഞെടുപ്പിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നൽകിയിരുന്ന തപാൽ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവർ ക്കായി ഭേദഗതി വരുത്തി. വോട്ടർ പട്ടികയിൽ പേരുള്ള 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവർക്ക് പോളിംഗ് കേന്ദ്രത്തിൽ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.

ദേശീയ ഇലക്ഷൻ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറ ക്കിയത്. ഇത്തരത്തിൽ വോട്ട് ചെയ്യേണ്ടവർ ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമിൽ (ഫോം 12 ഡി) തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം അപേക്ഷ നൽകണം. ബൂത്ത് ലെവൽ ഓഫീസർമാരിൽ നിന്ന് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് നൽകാം.

അപേക്ഷകൾ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിംഗ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ച് പോസ്റ്റൽ ബാലറ്റ് നൽകും. വോട്ട് രേഖപ്പെടുത്തി നൽകുന്ന ബാലറ്റ് കൈപ്പറ്റി അധികൃതർക്ക് നൽകും.

NO COMMENTS

LEAVE A REPLY