കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് പൊന്‍തൂവല്‍

96

കാസര്‍കോട്: കോവിഡ് എന്ന മഹാമാരി ലോകഭൂപടത്തിലെ മാനവശാരിയുടെ ജീവിത ചക്രത്തിന്റെ താളം തെറ്റി ച്ചപ്പോള്‍, അതിജീവനത്തിന്റെ പാതയില്‍ വിജയമന്ത്രവുമായി കൊച്ചു കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ കാസര്‍കോട് ജനറല്‍ ആശുപത്രി ഉയര്‍ന്നു വന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികി ത്സിച്ചു ഭേദമാക്കിയ ആതുരാലയം എന്ന നേട്ടം സ്വന്തമാക്കിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ കുതിച്ചു യരല്‍. ഇവിടെ ചികിത്സ തേടിയ 91 രോഗികളില്‍ 82 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. ഇന്നലെ (ഏപ്രില്‍ 20) മാത്രം 15 പേര്‍ ഇവിടെ നിന്നും രോഗവിമുക്തരായി. അതായത് ഇവിടെ ചികിത്സിക്കപ്പെട്ട രോഗികളില്‍ 90.10 ശതമാനം പേര്‍ രോഗവിമുക്തരായി. വരും ദിവസങ്ങളില്‍ അവശേഷിക്കുന്നവരും രോഗവിമുക്തരാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ജില്ലയില്‍ ആകെയുള്ള 169 രോഗികളില്‍ ഇതുവരെ 142 പേര്‍ രോഗവിമുക്തരായിരുന്നു. ഇവരില്‍ 82 പേര്‍ കാസര്‍ കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരാന്നെറിയുമ്പോഴേ, ഈ അതിജീവന ദൗത്യത്തിന്റെ മൂല്യം മനസ്സിലാകൂ.

ജനറല്‍ ആശുപത്രിയുടെ വിജയം ടീം വര്‍ക്കിന്റേത്

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ജീവനക്കാരും അല്പം ആശ്വാസത്തിന്റെ വക്കിലാണ് ഇപ്പോള്‍. ഇനി ഏഴ് രോഗികള്‍മാത്രം ആണ് ഇവിടെ ചികിത്സയില്‍ ഉള്ളത്. ഇവരെ കൂടി രോഗം ഭേദമാക്കി വീട്ടിലേക്ക് തിരിച്ചയച്ചാല്‍ മാത്രമേ മനസമാധാനം ലഭിക്കൂവെന്ന് ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ കുഞ്ഞിരാമന്‍ പറഞ്ഞു. മാര്‍ച്ച് പകുതിയോടെ ജില്ലയില്‍ കോവിഡിന്റെ രണ്ടാംവരവ് ആരംഭിച്ചതു മുതല്‍ ഇതിനെതിരെയുള്ള പോരാട്ടത്തില്‍ സജീവമായവരാണിവര്‍. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ്, ഇത്രയും പേരെ ചുരുങ്ങിയ സമയം കൊണ്ട് രോഗം വിമുക്തമാക്കാന്‍ സാധിച്ചതെന്ന് ഡോ കുഞ്ഞിരാമന്‍ പറയുന്നു.

സേവനം ജീവിത വ്രതമാക്കിയ ജനറല്‍ ആശുപത്രി ടീം

കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ, ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം 10 മുതല്‍ 18 മണിക്കൂര്‍ വരെ ജോലിയില്‍ വ്യാപൃതരായി. പലരും ജോലി സമയത്തിനുശേഷവും ആശുപത്രികാര്യങ്ങളില്‍ സജീവമായി പങ്കാളികളായി. മാര്‍ച്ച് 15ന് ശേഷം ഇവരില്‍ ചുരുക്കം ചിലരെ വീട്ടില്‍ പോയിട്ടുള്ളൂ. എച്ച് 1 എന്‍ 1, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് രോഗികളെ ചികിത്സിച്ച് രോഗവിമുക്തമാക്കിയ അനുഭവ പാരമ്പര്യം ഉള്ള ഡോക്ടര്‍മാരുടെ സേവനം ഈ ദുര്‍ഘട ഘട്ടത്തെ തരണം ചെയ്യാന്‍ സഹായിച്ചു.

ഡോ.കുഞ്ഞിരാമന്‍, ഡോ കൃഷ്ണ നായിക്.ഡോ ജനാര്‍ദ്ദന നായിക്, ഡോ നിസാര്‍ അഹമ്മദ്, ഡോ ജിതിന്‍ രാജ്, ഡോ ആര്‍. പ്രവീണ്‍, ഡോ അപര്‍ണ്ണ എന്നിവരാണ് കോവിഡ് രോഗികളെ ചികിത്സിച്ചത് .ആശുപത്രി സൂപ്രണ്ട് ഡോ കെ കെ രാജാറാം, അഡീഷണല്‍ സൂപ്രണ്ട് ഡോ രാജേന്ദ്രന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഗീത ഗുരുദാസ്, ആര്‍ എം ഒ ഡോ ഗണേഷ് എന്നിവര്‍ സര്‍വ്വ പിന്തുണയുമായി മെഡിക്കല്‍ ടീമിനൊപ്പം ചേര്‍ന്നു.

നേഴ്‌സിങ് സൂപ്രണ്ട് സ്‌നിഷി, ഹെഡ് നേഴ്‌സുമാരായ സൂര്യ, മിനി വിന്‍സെന്റ്,കമലാക്ഷി,നിഷ, ബിന്ദുമോള്‍,സി എച്ച് പുഷ്പ, ജസീല,സുധ, വനജ,ആന്‍സമ്മ, സുജ,ശ്രീജ, നിര്‍മ്മല സ്റ്റാഫ് നേഴ്‌സുമാര്‍,നേഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍, ലാബ് അസിസ്റ്റന്റുമാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഹോസ്പിറ്റല്‍ അസിസ്റ്റന്റുമാര്‍, ഇലക്ട്രിഷ്യന്‍മാര്‍, ഡ്രൈവര്‍മാര്‍, ക്ലീനിങ് ജീവനക്കാര്‍ എന്നിവടങ്ങുന്ന ടീമിന്റെ പ്രവര്‍ത്തന മികവും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായകമായി. ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ളവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ വിജയമാതൃകയെ പഠന വിധേയമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

NO COMMENTS