ഉമ്മൻ ചാണ്ടിയും – പിണറായിയും പ്രയോഗിച്ചത് ഒരേ തന്ത്രം – മോദിയുടെയും അമിത് ഷായുടേയും തന്ത്രങ്ങൾ കാണാനിരിക്കുന്നത് ഇനി കേരളമായിരിക്കും .

208

തിരുവനന്തപുരം :ഉമ്മൻ ചാണ്ടിക്ക് കാലിടറി. പിണറായി നേടുമോ ? അതോ അവിടെയും പിഴയ്ക്കുമോ? മലയാളികളെ മനസ്സിലാക്കുന്നതിൽ തന്ത്രശാലികളായ ഈ രണ്ട് പേർക്കും പിഴച്ചു. ഉമ്മൻ ചാണ്ടിക്ക് ബി ഡി ജെ എസ്-ബിജെപി മുന്നണി വോട്ടിൽ വിശ്വസിച്ചതാണ് പിഴച്ചത്. പിണറായിക്കാണെങ്കിൽ ശബരിമല പ്രശ്നത്തിൽ വോട്ടിന്റെ രാഷ്ട്രീയം പിഴച്ചു.

തുടർഭരണം എന്ന ബൃഹദ് ലക്ഷ്യം കൈവരിക്കാമെന്ന് ഉമ്മൻ ചാണ്ടി കണക്കുകൂട്ടിയത് ബിഡിജെഎസ്സിന്റെ പിറവിയിലായിരുന്നു. എസ്എൻഡിപി യോഗം ബിഡിജെഎസ് ഉണ്ടാക്കുന്നതിന് അണിയറയിൽ എല്ലാ പിന്തുണയും ഉമ്മൻ ചാണ്ടി നൽകിയെന്ന് സിപിഎം പലതവണ ആരോപണം ഉന്നയിച്ചു. ബിഡിജെഎസ് വഴി എൽഡിഎഫിന്റെ ഹിന്ദു വോട്ട് ബാങ്കിൽ ഒരു പങ്ക് ബിജെപിയിലേക്ക് ഒഴുകുകയും മറുവശത്ത് യുഡിഎഫിനൊപ്പം നിൽക്കുന്ന ഹിന്ദു വോട്ടുബാങ്ക് ചോരാതെയും ന്യൂനപക്ഷങ്ങളെ ഒരു കുടക്കീഴിൽ അണിനരത്തിയും 2016 ൽ ജയിക്കാമെന്ന ഉമ്മൻ ചാണ്ടിയുടെ കണക്കുകൂട്ടലാണ് തെറ്റിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന ഹിന്ദുവോട്ടുകളിൽ വലിയൊരു പങ്ക് ബിജെപിയിലേക്ക് ഒഴുകി. എന്നാൽ ബിഡിജെഎസ് വഴി ബിജെപിയിലേക്ക് എത്തുമെന്ന കണക്കുകൂട്ടിയ വോട്ടുകൾ പ്രതീക്ഷിച്ച കണക്കിൽ പോയതുമില്ല. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം ആ വോട്ടുബാങ്ക് കൃത്യമായി എൽഡിഎഫിനൊപ്പം നിന്നതുകൊണ്ടാണ്. മറുവശത്ത് ന്യൂനപക്ഷ വോട്ടുകളും ഈ ജില്ലകളിൽ നല്ലൊരു പങ്കും എൽഡിഎഫിലേക്ക് പോയി. അതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഇടയാക്കിയത്.

ശബരിമല എല്ലാവരും സുവർണാവസരമായി കണ്ടു. ചിലർ ടോപ്ഗിയറിലായിരുന്നു. മറ്റുചിലർ കോച്ചിന്റെ വേഷം കെട്ടി. ചിലർ പിന്നാമ്പുറത്ത് കരുക്കൾ നീക്കി. കൊമ്പുകോർത്ത രണ്ട് കക്ഷികളും ലോക്സഭാ ഫലം വന്നപ്പോൾ എട്ടുനിലയിൽ പൊട്ടി. ആത്യന്തികമായി അതിന്റെ ഗുണഭോക്താവായ കോൺഗ്രസിനും യുഡിഎഫിനും അടിച്ചത് ബംബർ.

ഇന്നസെന്റിലും ജോയ്സ് ജോർജിലൂടെയും തുടങ്ങിയ പരീക്ഷണം ആറന്മുളയിലും വിജയം കണ്ടു. ചെങ്ങന്നൂർ ഫലം കൂടിയായതോടെ സിപിഎം ഉറപ്പിച്ചു. ന്യൂനപക്ഷങ്ങൾ അടുത്തുകഴിഞ്ഞു. അതോടെ പിണറായി വിജയനും സിപിഎമ്മും ശബരിമല വിഷയവും സുവർണാവസരമായി കണ്ടു. അവർ കണ്ടത് കോൺഗ്രസിനേയും യുഡിഎഫിനേയും നിഷ്പ്രഭമാക്കാനുള്ള സുവർണാവസരമാണ് . കോടതി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാൽ ബിജെപിയും ആർഎസ്എസ്സും അതിനെതിരെ തിരിയുമെന്ന് കണ്ണൂർ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരെ പടപൊരുതി വളർന്ന പിണറായിയോട് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.

ഇടക്കാലത്ത് എതിരായ ബുദ്ധിജീവികളും പുരോഗമനസമൂഹവും പിണറായിക്ക് പിന്നിൽ അടിയുറച്ച് നിന്നു. മറുവശത്ത് ഏത് വിധേനയും കോടതി വിധി നടപ്പാക്കുന്നത് ചെറുക്കാൻ ബിജെപിയും പോർമുഖം തുറന്നു. സാവകാശം, റിവ്യു ഹർജി, സമവായം തുടങ്ങിയ സമീപനങ്ങളുമായി അവിടെയുമിവിടയുമില്ലാതെ കോൺഗ്രസും യുഡിഎഫും നിന്നു. ബിജെപി ഭീതി ന്യൂനപക്ഷങ്ങളെ എന്നന്നേക്കുമായി തങ്ങൾക്കൊപ്പം നിർത്താമെന്ന് സിപിഎം ഉറച്ചുവിശ്വസിച്ചു. അങ്ങനെ കേരള രാഷ്ട്രീയം ഇടതുപക്ഷം ഒരുവശത്തും ബിജെപി മുന്നണി മറുവശത്തും എന്ന് വളരുമെന്ന ചിന്തയുണ്ടായി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ യുഡിഎഫ് നേതാക്കൾ അയഞ്ഞ നിലപാടെടുത്തതോടെ അവരെ സിപിഎം ബിജെപിയുടെ ബി ടീമായി മുദ്രകുത്തി. അതോടെ കോൺഗ്രസും യുഡിഎഫും അങ്കലാപ്പിലായി. അപകടം തിരിച്ചറിഞ്ഞെങ്കിലും കോൺഗ്രസിന് കാഴ്ചക്കാരായി നിൽക്കേണ്ടി വന്നു. കെ.സുധാകരനെ പോലുള്ള നേതാക്കളാണ് കോൺഗ്രസിൽ ഇതൊരു സുവർണാവസരമായി കണ്ടത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടമായ ഹിന്ദു വോട്ടുകൾ കുറേയെങ്കിലും തിരിച്ചെത്തിക്കാൻ ഇത് സുവർണാവസരമാണെന്ന് ചില നേതാക്കൾ നേതൃത്വത്തെ ധരിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ നിലപാട് മുന്നോട്ടുവച്ച് എന്തുകൊണ്ട് ബിജെപിയുടെ നിലപാട് കാപട്യമാണെന്ന് പൊതുസമൂഹത്തിലേക്ക് എത്തിക്കാനായി പിന്നെ കോൺഗ്രസ് ശ്രമം. ശബരിമലയിൽ നിർബന്ധിച്ച് സ്ത്രീകളെ പ്രവേശിപ്പിച്ചു എന്ന പ്രചാരണം സിപിഎമ്മിനെതിരായി. എൻഎസ്എസ് നിലപാട് കൂടി കണ്ടതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് കണ്ടാണ് പിണറായി സർവകക്ഷി യോഗം വിളിച്ചത്. ദേവസ്വം ബോർഡും പലപ്പോഴും സർക്കാരിനെ പ്രതിക്കൂട്ടിലാക്കി.

പക്ഷേ അപ്പോഴേക്കും ആഘാതം ഏറ്റുകഴിഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാര്യമായി നേട്ടമുണ്ടായില്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ നിലനിൽപ് ഭീഷണിയാണെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞു. മധ്യപ്രദേശിലും ചത്തീസ്ഗഡിലും രാജസ്ഥാനിലും ഭരണം പിടിക്കാനായതോടെ കോൺഗ്രസിൽ ന്യൂനപക്ഷ വിശ്വാസം വർധിച്ചു. കേന്ദ്രത്തിൽ ഒരു ബദൽ അതിൽ സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രത്യേകിച്ച് റോളില്ല എന്ന് വോട്ടർമാർ തിരിച്ചറിഞ്ഞു. അങ്ങനെ നീങ്ങുമ്പോഴാണ് മാസ്റ്റർ സ്ട്രോക്കായി രാഹുലിന്റെ വരവ്. അത് സിപിഎമ്മിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു.

കിട്ടാവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെയും നിർത്തി സ്വതന്ത്ര പരീക്ഷണം പോലും മാറ്റിവച്ച് പാർട്ടി ചിഹ്നത്തിൽ കളത്തിലിറങ്ങിയപ്പോഴാണ് രാഹുലിന്റെ രംഗപ്രവേശം. രാഹുലിനാകട്ടെ അമേഠി പേടി. രണ്ടാമതൊരു മണ്ഡലം വേണം താനും. തങ്ങളെ അപ്രസക്തമാക്കാമെന്ന് കരുതിയ സിപിഎമ്മിന് മർമ്മത്ത് അടിക്കാൻ പറ്റിയ വടിയായി രാഹുലിന്റെ സ്ഥാനാർഥിത്വത്തെ കോൺഗ്രസ് കണ്ടു. അടവുകൾ പയറ്റാൻ ആരും പഠിപ്പിക്കേണ്ടാത്ത ഉമ്മൻ ചാണ്ടി രാഹുലിന്റെ യെസ് കിട്ടും മുന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. തന്ത്രങ്ങൾ മെനയുന്നതിൽ കോൺഗ്രസ് നേതാക്കളെ സിപിഎം വിലകുറച്ച് കണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.അതോടെ ആടിനിന്ന ന്യൂനപക്ഷ വോട്ടുകൾ ഒന്നാകെ കോൺഗ്രസിലേക്കും യുഡിഎഫിലേക്കും ഒഴുകാൻ വഴിയൊരുക്കി. മറുവശത്ത് ശബരിമല വിഷയത്തിൽ സർക്കാരിനെ പാഠംപഠിപ്പിക്കുക എന്ന ചിന്ത വലിയൊരു വിഭാഗത്തിലുണ്ടായിരുന്നു.

കനത്ത തോൽവിക്കിടയിലും സിപിഎമ്മിനും ഇടതുപക്ഷത്തിനും ആശ്വസിക്കാനുള്ളത് നേമം ഒഴിച്ച് മറ്റൊരിടത്തും ബിജെപി മുന്നിലെത്തിയില്ല എന്ന വസ്തതുയാണ്. അതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ കാര്യമായ വോട്ടുവർധന നേടാൻ എൻഡിഎക്കും കഴിഞ്ഞില്ല. ഇത് അടുത്ത തിരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ നഷ്ടം പരിഹരിച്ച് തിരിച്ചെത്താൻ സിപിഎമ്മിന് സുവർണാവസരമാണ്. ശബരിമലയിൽ പിണങ്ങിയ വോട്ടർമാരുടെ പിണക്കം മാറ്റുന്നതിലാണ് അതിന്റെ ഉത്തരം. അതാകും ഇനി സിപിഎമ്മിന്റെ ഭാവി നിർണയിക്കുക.

പ്രളയാനന്തര പുനർനിർമ്മാണം എന്ന മറ്റൊരു വെല്ലുവിളിയും മുന്നിൽ നിൽക്കുന്നു. ഇതെല്ലാം പരിഹരിക്കപ്പെട്ടാൽ വീണ്ടും എൽഡിഎഫ്-യുഡിഎഫ് പോരാട്ടമായി കേരള രാഷ്ട്രീയം തുടരും.അപ്പോഴും വർധിതവീര്യത്തോടെ ഡൽഹിയുടെ അമരത്തുള്ള മോദിയുടെയും ഷായുടേയും തന്ത്രങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ. ഒരു വേരോട്ടവുമില്ലാതിരുന്ന ബംഗാളിലും ഒഡീഷയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അവർ കാവിക്കൊടി പാറിച്ചുകഴിഞ്ഞു. ഇനി കേരളമായിരിക്കും അവരുടെ ഉന്നം.

NO COMMENTS