ഡിസെന്റ് ആന്‍ഡ് ഡിസ്‌കോഴ്‌സ് : ബി. എം. ആനന്ദിന്‍റെ ചിത്രപ്രദര്‍ശനം നാളെമുതല്‍

203

കൊച്ചി : ആധുനിക ചിത്രകാരന്‍ ബ്രിജ്‌മോഹന്‍ ആനന്ദിന്റെ സൃഷ്ടികളുടെ പ്രദര്‍ശനം കൊച്ചി മുസിരിസ് ബിനാലെയുടെ കൊളാറ്ററല്‍ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ‘ഡിസെന്റ് ആന്‍ഡ് ഡിസ്‌കോഴ്‌സ് : ദി ആര്‍ട്ട് ആന്‍ഡ് പൊളിറ്റിക്‌സ് ഓഫ് ബ്രിജ് മോഹന്‍ ആനന്ദ്’ എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്യും. ഫോര്‍ട്ട് കൊച്ചിയിലെ ഗ്രീനിക്‌സ് വില്ലേജ് കള്‍ച്ചറല്‍ ആര്‍ട്ട്‌സ് സെന്ററില്‍ ഇന്ന് (ഡിസംബര്‍ 14, ബുധന്‍) ഉച്ചയ്ക്ക് 12.30നാണ് ഉദ്ഘാടനം. ചടങ്ങില്‍ കൊച്ചി മേയര്‍ ശ്രീമതി. സൗമിനി ജെയിന്‍ ബി.എം.ആനന്ദിന്റെ സൃഷ്ടികളുടെ വിവരപ്പട്ടിക പ്രകാശനം ചെയ്യും.

മുതലാളിത്തവ്യവസ്ഥിതിക്കും നവ സാമ്രാജ്യത്വത്തിനും കലയിലെ കച്ചവടവത്കരണത്തിനും ആണവായവുധങ്ങള്‍ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ടുള്ളതാണ് ഡല്‍ഹി സ്വദേശിയായിരുന്ന ബി.എം. ആനന്ദിന്റെ (1928-1986) ചിത്രങ്ങള്‍. വിയോജിപ്പ് എന്ന ആശയത്തേയും പൊതുഭാഷണത്തിലും സര്‍ഗാത്മകതയിലും പുരോഗതിയിലും അതിന്റെ പ്രാധാന്യത്തേയും കുറിച്ചു സംവദിക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ മാധ്യമങ്ങളിലായുള്ള അര്‍ഥപൂര്‍ണമായ സൃഷ്ടികളുണ്ട്. 10 സ്‌ക്രാച്ച്‌ബോര്‍ഡ് ചിത്രങ്ങള്‍, 10 സ്‌ക്രാച്ച്‌ബോര്‍ഡ് സ്‌കെച്ച് ചിത്രങ്ങള്‍, 13 ചിത്രങ്ങളുടെ മൂന്ന് സെറ്റുകള്‍, പേപ്പറില്‍ ജലച്ചായത്തിലും മഷിയിലും വരച്ച ചിത്രം, ക്യാന്‍വാസില്‍ എണ്ണച്ചായത്തില്‍ വരച്ച ചിത്രം എന്നിവയാണ് പ്രദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രം. 2017 മാര്‍ച്ച് 29 വരെ നടക്കുന്ന പ്രദര്‍ശനത്തിന്റെ സമയം രാവിലെ 11 മുതല്‍ രാത്രി 7 വരെയാണ്.

അഞ്ചുപതിറ്റാണ്ടോളം ഏറെയൊന്നും അറിയപ്പെടാതെയിരുന്ന മാസ്റ്റര്‍ ആര്‍ട്ടിസ്റ്റിന്റെ സൃഷ്ടികളുടെ പ്രദര്‍ശനത്തിന്റെ ക്യുറേറ്റര്‍ യുവഗവേഷകയും എഴുത്തുകാരിയുമായ ശ്രുതി ഐസക്കാണ്. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാങ്കേതിക-സാമ്പത്തിക ആധുനികവത്കരണവും ശീതസമര കാലഘട്ടത്തിലെ ഇന്ത്യയുടെ ന്യൂക്ലിയര്‍ സ്വപ്നങ്ങളും സംബന്ധിച്ച് കീഴാളവീക്ഷണത്തില്‍നിന്നുള്ള മറ്റൊരു വായനയാണ് ആനന്ദിന്റെ ചിത്രങ്ങള്‍. ഇതിലുടനീളം കലാകാരന് സമൂഹത്തോടുള്ള കടമയോടും കല ആധുനികലോകത്തെ നേരിട്ടു പ്രതിഫലിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യണമെന്ന തത്വത്തോടും അദ്ദേഹത്തിന് പ്രതിബദ്ധതയുണ്ടായിരുന്നു.

ബ്രിജ് മോഹന്‍ ആനന്ദിന്റെ കല വിയോജിപ്പിന്റെ കലയാണെന്ന് ശ്രുതി ഐസക് പറയുന്നു. അദ്ദേഹത്തിന്റെ കാലത്ത് നിലനിന്നിരുന്ന സാംസ്‌കാരിക രാഷ്ട്രീയ ആഖ്യാനങ്ങളെ ഉറച്ച ശബ്ദത്തിലൂടെ ആനന്ദ് വെല്ലുവിളിച്ചു. ഭാരതീയ കലയിലും രാഷ്ട്രീയത്തിലും വിയോജിപ്പുകള്‍ ഉള്‍ക്കൊള്ളിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന ഈ കാലത്ത് ആനന്ദിന്റെ സ്‌ക്രാച്ച്‌ബോര്‍ഡുകളും സ്‌കെച്ചുകളും എതിര്‍പ്പിന്റെയും വിയോജിപ്പിന്റെയും മറ്റ് ആവിഷ്‌കാരങ്ങളുടെയും പ്രസക്തി വ്യക്തമാക്കുന്നു.

മുഖ്യമായും കലയുടെ ഔപചാരികവും ഭാവനാപരവുമായ വശങ്ങളില്‍ ഇടപെട്ടിരുന്ന അദ്ദേഹത്തെ സമകാലീനരില്‍നിന്നും മറ്റ് സ്വാതന്ത്ര്യാനന്തര കലാകാരന്‍മാരില്‍നിന്നും വ്യത്യസ്തമാക്കുന്നത് സൃഷ്ടികളില്‍ പ്രതിഫലിക്കുന്ന വികസ്വര ഇന്ത്യയാണ്. ഇന്ത്യന്‍ കലാചരിത്രത്തിലെ അതിരുകളില്‍നിന്നുള്ള പ്രധാനപ്പെട്ട ഒരാഖ്യാനമാണ് അദ്ദേഹത്തിന്റേതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

സ്‌ക്രാച്ച്‌ബോര്‍ഡ്, വാട്ടര്‍കളര്‍, സ്‌കെച്ചുകള്‍, പോസ്റ്ററുകള്‍, പുസ്തകങ്ങള്‍ക്കും പത്രങ്ങള്‍ക്കും മാസികകള്‍ക്കും പോസ്റ്ററുകള്‍ക്കുമായി നടത്തിയ ഇലസ്‌ട്രേഷനുകള്‍ എന്നിങ്ങനെ ആനന്ദിന്റേതായി 1500ഓളം സൃഷ്ടികള്‍ നിലവിലുണ്ട്. ജീവചരിത്രകാരിയും എഴുത്തുകാരിയുമായ അതിഥി ആനന്ദ്, കലാ ചരിത്രകാരന്‍ ഡോ. ഗ്രാന്റ് പൂക്ക് എന്നിവരെഴുതിയതും ഡോ. അല്‍കാ പാണ്‍ഡേ ആമുഖമെഴുതിയതുമായ നറേറ്റീവ്‌സ് ഫോര്‍ ഇന്ത്യന്‍ മോഡേണിറ്റി : ദി എസ്‌തെറ്റിക് ഓഫ് ബ്രിജ് മോഹന്‍ ആനന്ദ് (ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ 2016) എന്ന പുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ ജീവതവും സൃഷ്ടികളും ചര്‍ച്ചയായിരുന്നു.

അദ്ദേഹത്തിന്റെ സര്‍ഗാത്മകസൃഷ്ടികളില്‍ ശേഷിക്കുന്നത് ഇന്ത്യയുടെ കോളോണിയല്‍ കാലഘട്ടശേഷമുള്ള ചരിത്രത്തിന്റെ ശക്തവും അപൂര്‍വ്വവുമായ രേഖപ്പെടുത്തലാണെന്ന് ബി.എം. ആനന്ദ് ഫൗണ്ടേഷന്റെ അസേസിയേറ്റ് ഡയറക്ടര്‍കൂടിയായ അതിഥി ആനന്ദ് പറഞ്ഞു. സ്വാതന്ത്യലബ്ധിയും വിഭജനവും പിന്നെയും തുടര്‍ന്നിരുന്ന സംഘര്‍ഷങ്ങളും ആധുനിക രാഷ്ട്രത്തിലേക്ക് ഇന്ത്യയുടെ പരിണാമവുമെല്ലാം അതിലുണ്ട്. കൊച്ചി മുസിരിസ് ബിനാലെ ഒരുക്കുന്ന അന്താരാഷ്ട്ര വേദി ഉപയോഗപ്പെടുത്തിക്കൊണ്ട് ചരിത്രത്തിലെ ഈ പ്രധാനപ്പെട്ടതും എന്നാല്‍ ഏറെ കേള്‍ക്കാത്തതുമായ ശബ്ദത്തെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഫൗണ്ടേഷന്‍ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇന്ത്യന്‍ ആധുനികതയുടെ സമാന്തര സംവാദത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷയെന്നും അതിഥി പറഞ്ഞു.

NO COMMENTS

LEAVE A REPLY