തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി കണ്ടെത്തി സഹായം ഉറപ്പിക്കാൻ നോര്‍ക്ക റൂട്ട്സ് ബാങ്കുകളുമായി ധാരണ

205

തിരുവനന്തപുരം: പ്രവാസി പുനരധിവാസം ലക്ഷ്യമാക്കി നോര്‍ക്ക റൂട്ട്സ് കൂടുതല്‍ ബാങ്കുകളുമായി ധാരണ പത്രത്തില്‍ ഒപ്പുവെയ്ക്കുന്നു. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി കണ്ടെത്തുന്നതിന് സഹായം ഉറപ്പാക്കാനാണ് വിവിധ ബാങ്കുകളുമായി ധാരണയിലെത്തുന്നത്.

മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട് മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ബാങ്കുകളുമായി നോര്‍ക്ക റൂട്ട്സ് ധാരണ പത്രത്തില്‍ ഒപ്പുവെയ്ക്കുന്നത്.ഈ പദ്ധതി പ്രകാരം മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സ്വയം സംരംഭങ്ങള്‍ തുടങ്ങാനുള്ള മൂലധന സബ്‌സിഡിയും പലിശ സബ്‌സിഡിയും നോര്‍ക്ക റൂട്ട്സ് നല്‍കുമെന്ന് നോര്‍ക്ക സി ഇ ഒ ഹരികൃഷ്ണന്‍ നമ്ബൂതിരി പറഞ്ഞു. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ തുടങ്ങുന്ന 30 ലക്ഷം രൂപ വരെ മൂലധനചിലവുള്ള സംരംഭങ്ങള്‍ക്ക് 15 ശതമാനംവരെ മൂലധന സബ്‌സിഡിയായി ഈ പദ്ധതിയില്‍ ലഭിക്കും.

പരമാവധി മൂന്ന് ലക്ഷം രൂപവരെയാണ് സബ്‌സിഡി.ഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കു ആദ്യ നാല് വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡി ബാങ്ക് വായ്പ്പയില്‍ ക്രമീകരിച്ചു നല്‍കും. ഈ സാമ്ബത്തിക വര്‍ഷം 15 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.

ഇതുവരെ 687 ഗുണഭോക്താക്കള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന 7.93 കോടി രൂപ സബ്‌സിഡിയായും നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്ക സി ഇ ഒ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ബറോഡയുമായി നോര്‍ക്ക റൂട്ട് സ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.

കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ എട്ടു ധനകാര്യ സ്ഥാപങ്ങളുമായി നോര്‍ക്ക റൂട്ട് സ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ബാങ്ക് ശാഖകളില്‍ നിന്നും നോര്‍ക്ക റൂട്ട് സ് ഓഫീസില്‍ നിന്നും ലഭ്യമാണ്.

NO COMMENTS