11 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി

29

തിരുവനന്തപുരം : സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര (എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മലപ്പുറം അത്താനിക്കൽ, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂർ, കണ്ണൂർ പാനൂർ, തൃശൂർ ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂർക്കാവ് അർബൻ പ്രൈമറി ഹെൽത്ത് സെൻററുകൾ, കണ്ണൂർ ന്യൂ മാഹി, തൃശൂർ പോർക്കളേങ്ങാട്, കൊല്ലം മുണ്ടക്കൽ അർബൻ പ്രൈമറി സെൻററുകൾ, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്പൻചോല എന്നിവയ്ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യൂഎഎസ് ബഹുമതി ലഭിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങൾക്ക് തുടർച്ചയായി എൻക്യുഎഎസ് കിട്ടുന്നത് വലിയ നേട്ടമാണ്. അർബൻ പ്രൈമറി ഹെൽത്ത് സെൻറർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എൻക്യുഎഎസ് നേടുന്ന സംസ്ഥാനം കേരളമാണ്.

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളത്തിനാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർകോട് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്.ഇതിൽ ആകെ 119 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ് അംഗീകാരമുള്ളത്. ഇതിൽ മൂന്ന് ജില്ലാ ആശുപത്രികളും നാല് താലൂക്ക് ആശുപത്രികളുമുണ്ട്.

6500ഓളം വിഷയങ്ങൾ വിലയിരുത്തിയാണ് എൻക്യുഎഎസ് അംഗീകാരം നൽകുന്നത്. അംഗീകാരം ലഭിക്കുന്ന പിഎച്ച്സികൾക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസറ്റീവ്സ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS