ഒപ്പം താമസിക്കാന്‍ വിസമ്മതിച്ച ഭാര്യയെ ടെക്കിയായ ഭര്‍ത്താവ് കൊലപ്പെടുത്തി

203

മുംബൈ: ഒപ്പം താമസിക്കാന്‍ വിസമ്മതിച്ച ഭാര്യയെ ടെക്കിയായ ഭര്‍ത്താവ് കൊലപ്പെടുത്തി. മുംബൈ മുലുന്ദില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ജയേഷ് രഘുനാഥി(35)നുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ആറുമാസത്തോളമായി അകന്നു കഴിയുകയായിരുന്ന ശ്രേയ(30)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. ശ്രേയ പ്രൈവറ്റ് ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇരുവരും തമ്മില്‍ വിവാഹിതരായിട്ട് 12 വര്‍ഷം കഴിഞ്ഞു. ഇവര്‍ക്ക് 10 വയസുള്ള മകനുണ്ട്. ജയേഷിന്റെ അമിതമായ മദ്യപാനവും ആക്രമണ സ്വഭാവവും കാരണമാണ് ശ്രേയ അടുത്തിടെ മാതാപിതാക്കള്‍ക്കൊപ്പം താമസമാക്കിയത്.

സംഭവ ദിവസം ജയേഷ് ശ്രേയയുടെ വീട്ടിലെത്തിയിരുന്നു. തനിക്കൊപ്പം താമസിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ശ്രേയ ഇക്കാര്യം വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒപ്പമാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ശ്രേയയുടെ അമ്മ പോലീസിനോട് പറഞ്ഞു. പിന്നീട് ശ്രേയയെ ഫോണില്‍ വിളിച്ചു കിട്ടാതായതോടെ അമ്മ ഇവര്‍ നേരത്തെ താമസിച്ചിരുന്ന വീട്ടിലെത്തുകയായിരുന്നു.
അവിടെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ശ്രേയയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനുശേഷം ജയേഷിനെ ബന്ധപ്പെട്ടു. എന്നാല്‍, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതിക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY