ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി സോഷ്യല്‍ ഡിഫന്‍സ് വോളന്റിയര്‍ സംഘങ്ങള്‍ രൂപീകരിക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു

14

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നിരീക്ഷിക്കാനും പ്രതിരോധിക്കാനും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് സോഷ്യല്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സംഘം രൂപീകരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേനേതൃത് അഭിയാന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗം, വില്‍പന എന്നിവ തടയാന്‍ വിദ്യാര്‍ത്ഥികളുടെ ഈ സംഘങ്ങള്‍ക്ക് സാധിക്കും. കൂടാതെ സംസ്ഥാനത്ത് ലഹരി മുക്ത പ്രവര്‍ത്തനങ്ങളില്‍ മറ്റ് വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ പുനനിര്‍മ്മാണ പ്രക്രിയയില്‍ ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. സംസ്ഥാനത്തുടനീളം പ്രാദേശിക തലത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും കുട്ടികള്‍ മുതലുള്ളവരില്‍ ലഹരി ഉപയോഗത്തിന്റെ സാമൂഹ്യ -മാനസിക -ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നശാമുക്ത് കള്‍ച്ചറല്‍ ഡേയുടെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കലാമത്സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി പുരസ്‌കാരവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ മുഖ്യപ്രഭാഷണം നടത്തി .സബ് ജഡ്ജും ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ വിദ്യാധരന്‍,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍, സാമൂഹ്യ നീതി വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ജലജ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS