ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മാമ്പഴങ്ങളില്‍ ഹോര്‍മോണ്‍ സാന്നിധ്യം അധികമായിരിക്കുമെന്ന് മുന്നറിയിപ്പ്

385

തിരുവനന്തപുരം : ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മാമ്പഴങ്ങളില്‍ ഹോര്‍മോണ്‍ സാന്നിധ്യം അധികമായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന് തമിഴ്നാട്, ആന്ധ്ര ഭക്ഷ്യസുരക്ഷാവിഭാഗങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ്. പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍ (പി.ജി.ആര്‍.) ഇനങ്ങളില്‍പ്പെടുന്ന ഹോര്‍മോണുകള്‍ തളിച്ച്‌ പഴുപ്പിച്ച മാമ്പഴമാണ് വിപണിയിലെത്തുന്നത്. കേരളത്തില്‍ പ്രധാനമായും തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍നിന്നുമാണ് മാമ്പഴം എത്തുന്നത്. ഈ രീതിയില്‍ പച്ചമാങ്ങ പഴുപ്പിക്കുന്നത് ഇവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളില്‍ പലയിടത്തും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കാല്‍സ്യം കാര്‍ബൈഡ്, എത്തറാല്‍ എന്നീ രാസവസ്തുക്കളുടെ അംശം തമിഴ്നാട്ടിലും ആന്ധ്രയിലും ഇപ്പോള്‍ വിപണിയിലുള്ള മാമ്പഴങ്ങളില്‍ ഉണ്ട്. സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിനെ അവിടങ്ങളിലെ മാമ്ബഴ മൊത്തവിപണന കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

പഴത്തോട്ടങ്ങളില്‍ കൃത്രിമമായി ഉണ്ടാക്കിയ പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍ ഹോര്‍മോണ്‍ ചെടികള്‍ക്ക് സമ്ബൂര്‍ണ വളര്‍ച്ച എത്തുന്നതിനും ഫലവര്‍ഗങ്ങളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഇത്തരം ഹോര്‍മോണുകളുടെ ലായനികളില്‍ പച്ചമാങ്ങ മുക്കിയും ലായനി സ്പ്രേ ചെയ്തുമാണ് പഴുപ്പിക്കുന്നത്. ഓക്സിന്‍, ഗിബറലിന്‍, എഥിലീന്‍, !സൈറ്റോകൈനിന്‍ എന്നിങ്ങനെയുള്ള പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍ ഹോര്‍മോണുകളാണ് ഇതിനുപയോഗിക്കുന്നത്. ഇവ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഗര്‍ഭാവസ്ഥയില്‍ ജനിതക തകരാറുകള്‍, കാഴ്ചശക്തികുറയല്‍, അമിത ക്ഷീണം തുടങ്ങിയവ ഉണ്ടാക്കുന്നവയാണ് പ്ലാന്റ് ഗ്രോത്ത് ഹോര്‍മോണുകളില്‍ ഭൂരിഭാഗവുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

NO COMMENTS