തിരുവനന്തപുരം: മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായി വിജലന്‍സില്‍ നല്‍കിയ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ പേരില്‍ പൊലീസ് പീഡിപ്പിക്കുന്നതായി പരാതിക്കാരന്‍. പരാതി നല്‍കിയ എ.കെ ഷാജി ഇക്കാര്യത്തില്‍ നടപടി തേടി ഡിജിപിക്ക് പരാതി നല്‍കി
ഷാജിയുടെ പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് വിജിലന്‍സ് കോടതി വിജിലന്‍സ് ഡയരക്ടറോട് നിര്‍ദേശിച്ചിരുന്നു. 18ാം തീയതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഇതിനിടെയാണ് തനിക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ച്‌തെന്ന് ഷാജി പരാതിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം എന്ന പേരില്‍ ഇന്റലിജന്‍സ് വിഭാഗം പൊലീസുദ്യോഗസ്ഥന്‍ വീട്ടിലെത്തി മാനസികമായി പീഡിപ്പിച്ചതായി വിവാദ വിഷയങ്ങളില്‍ അടക്കം വിവിധ വിജിലന്‍സ് കേസുകള്‍ നല്‍കിയ ഷാജി പറയുന്നു. വലിയ ആളുകള്‍ക്ക് എതിരെ എന്തിനാണ് പരാതി നല്‍കുന്നത് എന്നും ഇതിന് എത്ര പണം കിട്ടുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ ചോദിച്ചതായി ഷാജി പരാതിയില്‍ പറഞ്ഞു. തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. തനിക്കെതിരെ കുഞ്ഞാലിക്കുട്ടി നല്‍കിയതെന്നു പറഞ്ഞ് ഒരു പരാതിയും ഉദ്യോഗസ്ഥന്‍ കാണിച്ചതായി ഷാജി പറയുന്നു.
അന്വേഷണം മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആണെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് നല്‍കണമെന്നും എ.കെ ഷാജി ആവശ്യപ്പെട്ടു.