കശ്മീ‍ർ വിഷയം ചര്‍ച്ച ചെയ്യാൻ സര്‍വ്വകക്ഷി യോഗം വിളിക്കുമെന്ന് രാജ്‍നാഥ് സിംഗ്

190

ന്യൂ‍ഡല്‍ഹി: കശ്മീ‍ർ വിഷയം ചര്‍ച്ച ചെയ്യാൻ പാര്‍ലമെന്‍റ് സമ്മേളനത്തിന് ശേഷം സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയെ അറിയിച്ചു. കശ്മീർ വിഷയത്തിൽ എല്ലാ കക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന പ്രമേയം രാജ്യസഭ ഐക്യകണ്ഠേന പാസാക്കി.
കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ നടപടികളും അവിടുത്തെ സംസ്ഥാന സര്‍ക്കാർ സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കശ്മീർ ചർച്ചക്ക് മറുപടി പറഞ്ഞ് തുടങ്ങിയത്. കശ്മീരിലെ അക്രമസംഭവങ്ങൾ പാകിസ്ഥാന്റെ പിന്തുണയോടെയാണ് നടക്കുന്നതെന്ന് രാജ്നാഥ് പറഞ്ഞു.
അഞ്ച് മണിക്കൂർ സമയമാണ് കശ്മീർ ചര്‍ച്ചയ്ക്ക് അനുവദിച്ചിരുന്നത്. പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദാണ് രാജ്യസഭയിൽ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിനെ എതിര്‍ത്ത് ബി ജെ പി അംഗങ്ങൾ എഴുന്നേറ്റതോടെ സഭയിൽ അല്പനേരം ബഹളമായി.
വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി ഇടപെട്ട് പറഞ്ഞതോടെ ബഹളം അവസാനിച്ചു. കശ്മീർ വിഷയത്തിൽ എല്ലാ കക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന പ്രമേയം രാജ്യസഭ ഐക്യകണ്ഠേനയാണ് പാസാക്കിയത്.

NO COMMENTS

LEAVE A REPLY