കേരളീയം: കലാകാരന്മാരെ പ്രദർശന വസ്തുക്കളാക്കിയെന്ന പ്രചാരണം ശരിയായ ഉദ്ദേശ്യത്തോടെയല്ല ; മുഖ്യമന്ത്രി

4

കേരളീയത്തിന്റെ ഭാഗമായി പരമ്പരാഗത വേഷവിധാനങ്ങളോടെ കുടിലുകൾക്ക് മുന്നിൽ ഇരുന്ന കലാകാരൻമാരെ പ്രദർശന വസ്തുക്കളാക്കി എന്ന പ്രചാരണം നടത്തിയത് ശരിയായ ഉദ്ദേശ്യത്തോടെയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

നാടോടി ഗോത്ര കലാകാരന്മാർക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമം. പന്തക്കാളി, കളവും പുള്ളുവൻപാട്ടും, പടയണി, തെയ്യം, മുടിയേറ്റ്, പൂതനും തിറയും തുടങ്ങിയ കലാരൂപങ്ങൾക്ക് ഒപ്പമാണ് പളിയ നൃത്തവും അവതരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയർ എന്ന ആദിവാസി വിഭാഗത്തിൻറെ പാരമ്പര്യ നൃത്തരൂപമാണ് പളിയ നൃത്തം.

ഊരു മൂപ്പൻമാരെ സന്ദർശിച്ച് നിർമാണ രീതി നേരിട്ട് മനസിലാക്കി അവരുടെ മേൽനോട്ടത്തിലാണ് പരമ്പരാഗത കുടിലുകൾ നിർമ്മിച്ചത്. ഈ കുടിലിൻറ മുൻപിൽ ഗോത്ര വിഭാഗങ്ങൾ അവരുടെ പൂർവികർ അവതരിപ്പിച്ച മാതൃകയിൽ അനുഷ്ഠാന കല അവതരിപ്പിച്ചതിൽ എന്താണ് തെറ്റ്? കേരളീയത്തിന്റെ ഭാഗമായി പരമ്പരാഗത ഗോത്രവിഭാഗത്തിൽപ്പെട്ട ഒരു സംഘം കലകാരന്മാർക്ക് അവരുടെ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് ഫോക് ലോർ അക്കാദമി അവസരമൊരുക്കുകയാണ് ചെയ്തത്.

കഥകളിയും ഓട്ടൻതുളളലും നങ്ങ്യാർകൂത്തും തിരുവാതിരകളിയും പോലെ ഒരു കലാരൂപം ആണ് പളിയ നൃത്തവും. ആ കലാരൂപത്തിൻറെ ഭാഗമായി പരമ്പരാഗത വേഷവിധാനങ്ങളോടെ കുടിലുകൾക്ക് മുന്നിൽ ഇരുന്ന കലാകാരൻമാരെ പ്രദർശന വസ്തുക്കളാക്കി എന്ന പ്രചാരണം നടത്തിയത് ശരിയായ ഉദ്ദേശ്യത്തോടെയല്ല.

കേരളത്തിന് അകത്തും പുറത്തുമായി നടക്കുന്ന വിവിധ പരിപാടികളിൽ ഫോക് ലോർ അക്കാദമിയുമായി സഹകരിക്കുന്ന കലാകാരൻമാരാണ് കേരളീയത്തിലും പങ്കെടുത്തത്. തങ്ങളുടെ കലാപ്രകടനം ഒരുപാട് പേർ കണ്ടതിൽ അവർ സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്. കലാപ്രകടനത്തിന് ശേഷം അതിനായി തയ്യറാക്കിയ പരമ്പാരാഗത കുടിലിന് മുന്നിൽ വിശ്രമിച്ച ചിത്രമാണ് പ്രദർശനവസ്തു എന്ന പേരിൽ പ്രചരിച്ചത് എന്ന കാര്യവും അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആദിവാസികളെ ഷോക്കേസ് ചെയ്തു എന്ന പ്രചാരണം തെറ്റാണ്. ആദിമ മനുഷ്യരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ലോകത്തിന് മുമ്പിൽ അവതരിപ്പിക്കപ്പെടുന്നത് പുതിയ കാര്യമല്ല. ലോകത്ത് എല്ലായിടത്തും ആദിമ മനുഷ്യരുടെ ജീവിത രീതികളും അവരുടെ ആചാര അനുഷ്ഠാനങ്ങളും പരിചയപ്പെടുത്തുന്നത് നാം കാണാറുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡിൽ രാജ്യത്താകെയുള്ള ജന വിഭാഗങ്ങളുടെ ജീവിതത്തിൻറെ പരിച്ഛേദം അടയാളപ്പെടുത്താറുണ്ട്. അതിൽ ആദിവാസികൾ അടക്കമുള്ള ജന സമൂഹത്തിൻറെ ജീവിത ശൈലികൾ അവതരിപ്പിക്കുന്നത് ജനശ്രദ്ധ നേടാറുമുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗദ്ദിക എന്ന പരിപാടിയിലൂടെ വിവിധ ആദിവാസി വിഭാഗത്തിൻറെ ജീവിതവും അവരുടെ സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകളും പ്രമേയമാക്കി അവതരിപ്പിച്ച പരിപാടി വലിയ ജനശ്രദ്ധ നേടിയിരുന്നു. അതിൽ അവതരിപ്പിച്ചതിൽ കൂടുതലൊന്നും കേരളീയത്തിൽ ഉണ്ടായിട്ടില്ല. ഇവിടെ കേരളീയം വൻതോതിൽ ജനശ്രദ്ധ നേടിയപ്പോൾ അതിൻറെ ശോഭ കെടുത്താനുള്ള ചില ശ്രമങ്ങളാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY