തോമസ് ചാണ്ടി രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

292

കൊച്ചി: കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. മന്ത്രി ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങി വന്ന് സാധാരണക്കാരനെപ്പോലെ നിയമ നടപടി നേരിടണമെന്നും കോടതി പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ വാദമുണ്ടെങ്കില്‍ അത് കളക്ടറെ ബോധ്യപ്പെടുത്താനും കോടതി ആവശ്യപ്പെട്ടു. നിഷ്കളങ്കനാണെങ്കില്‍ നിങ്ങള്‍ അതാണ് ചെയ്യേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. തോമസ് ചാണ്ടിക്ക് വേണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി പിന്‍വലിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതോടെയാണ് കോടതി വീണ്ടും വിമര്‍ശനം ഉന്നയിച്ചത്. തോമസ് ചാണ്ടി മന്ത്രിയായി തുടരാന്‍ അയോഗ്യനെന്നും കോടതി അറിയിച്ചു. സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചത് അയോഗ്യതയുടെ ഉദാഹരണമാണ്. മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാതെയാണ് കലക്ടര്‍ക്കെതിരെ കോടതിയെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. ഇത്തരമൊരു ഹര്‍ജിക്ക് നിലനില്‍പ്പുണ്ടോയെന്ന് ചോദിച്ച കോടതി ഇക്കാര്യം വിശദീകരിച്ച ശേഷം മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നും പറഞ്ഞിരുന്നു. മന്ത്രി ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചിരുന്നു. മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ കഴിയില്ല. ഒരു വ്യക്തിക്ക് മാത്രമേ അതിന് കഴിയൂ. എന്നാല്‍, തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ മന്ത്രി എന്ന നിലയിലാണ് ഹര്‍ജി നല്‍കുന്നതെന്ന് ആദ്യത്തെ വരിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് ശരിയാവുന്നതെന്നും കോടതി ചോദിച്ചു. ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും എതിര്‍ കക്ഷിയാക്കിയായിരുന്നു മന്ത്രിയുടെ പരാതി. റവന്യൂ വകുപ്പിനെതിരേയും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് കളക്ടറെക്കൊണ്ട് അന്വഷിപ്പിച്ചതെന്നാണ് കോടതി ആരാഞ്ഞു. നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലം തോമസ് ചാണ്ടിയുടേതല്ലെന്നായിരുന്നു ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖ കോടതിയില്‍ വാദിച്ചത്.

ആലപ്പുഴ കലക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ ചാണ്ടിയുടെ പേരിലല്ല. കലക്ടര്‍ നോട്ടിസ് നല്‍കിയത് വാട്ടര്‍ വേള്‍ഡ് കമ്ബനിയുടെ എം.ഡിക്കാണ്. മന്ത്രിയായപ്പോള്‍ കമ്ബനി ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നുവെന്നും കമ്ബനി തെറ്റ് ചെയ്തെങ്കില്‍ കമ്ബനിക്കെതിരെ നടപടിയെടുക്കാമെന്നും ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നികത്തപ്പെട്ടത് ഭൈരവന്‍,ആശാലത എന്നിവരുടെ ഭൂമിയാണ്. ഈ ഭൂമി തനിക്ക് കൈമാറിയെന്ന കലക്ടറുടെ കണ്ടെത്തല്‍ ശരിയല്ല. തന്റെ പേര് കലക്ടറുടെ റിപ്പോര്‍ട്ടിലേക്ക് വലിച്ചിഴച്ചത് ആസൂത്രിതമെന്നും മന്ത്രി ആരോപിച്ചിരുന്നു. തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു. എന്നാല്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി മന്ത്രിസഭയ്ക്കെതിരല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. വ്യക്തി എന്ന നിലയിലാണ് തോമസ് ചാണ്ടിയുടെ ഹര്‍ജിയെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ചാണ്ടിയെ ന്യായീകരിച്ച സ്റ്റേറ്റ് അറ്റോര്‍ണിയേയും കോടതി വിമര്‍ശിച്ചു.

ഇതിനിടെ വാദങ്ങള്‍ എതിരായതോടെ ചാണ്ടിക്കെതിരായി സര്‍ക്കാര്‍ കോടതിയില്‍ നിലപാട് മാറ്റുകയായിരുന്നു. തോമസ് ചാണ്ടിയുടെ ഹര്‍ജി അപക്വമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. വാദത്തിലുടനീളം തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉന്നയിച്ചത്. തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ്സ് എം.പി വിവേക് തന്‍ഖയാണ് കോടതിയില്‍ ഹാജരായത്. വാദത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കോടതി വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.

NO COMMENTS