കാസര്‍കോട് – വാർത്തകൾ

177

പഠനമുറി നിര്‍മ്മാണത്തിന് രണ്ടു ലക്ഷം രൂപ – ധനസഹായത്തിന് അപേക്ഷിക്കാം

പരപ്പ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും. ഗവണ്‍മെന്റ്, എയ്ഡഡ്, ടെക്‌നിക്കല്‍,സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ സംസ്ഥാന സിലബസില്‍ എട്ട്, ഒന്‍പത്,പത്ത്,പ്ലസ് വണ്‍,പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഈ മാസം 27 നകം പരപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് -8547630047

തെറ്റ് തിരുത്തുന്നതിന് അപേക്ഷിക്കാം

പനത്തടി ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 15 വരെ വാര്‍ഡുകളിലെ കെട്ടിട ഉടമകള്‍ക്ക് പേര്, വിലാസം, മറ്റുവിവരങ്ങള്‍ എന്നിവയില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിനായി ഈ മാസം 20 വരെ അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം.

കുടുംബശ്രീയില്‍ ഓര്‍ഗാനിക് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ മടിക്കൈ ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് അഗ്രി വില്ലേജ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു റിസോഴ്‌സ് പേഴ്‌സണെയും കുടുംബശ്രീ ജില്ലാ മിഷനിലേക്ക് ഒരു ഓര്‍ഗാനിക്ക് റിസോഴ്‌സ് പേഴ്‌സണെയും നിയമിക്കും. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക്ക് അഗ്രികള്‍ച്ചര്‍/വി എച്ച് എസ് സി ഫിനിഷിംഗ് സ്‌കൂള്‍ പ്രോഗ്രാം എന്നീ യോഗ്യതയുളളവര്‍ക്കും ജൈവ കൃഷിയുമായി ബന്ധപ്പെട്ട സമാനരീതിയിലുളള പ്രോജക്ടുകളില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയവുമുളളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ഈ മാസം 25 ന് രാവിലെ പത്തിന് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-7356952455, 04994256111

പ്രൊജക്ട് കോഡിനേറ്റര്‍ നിയമനം

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും ലക്ഷ്യമാക്കി സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്രൊജക്ട് കോഡിനേറ്ററിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഒന്‍പത് മാസത്തേക്കാണ് നിയമനം. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം- 22 നും 45 നും മധ്യേ. പ്രതിമാസം 25,000 രൂപ വേതനമായി ലഭിക്കും. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഈ മാസം 24 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍ : 04672 2202537.

ആരോഗ്യ സുരക്ഷ പദ്ധതി കാര്‍ഡ് – പുതുക്കല്‍ 23 ന് അവസാനിക്കും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിവരുന്നതും പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്നതുമായ ആയുഷ്മാന്‍ ഭാരത് -കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ ഈ മാസം 23 ന് അവസാനിക്കും. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ,് നിലവിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ തപാല്‍ വഴി വന്ന കത്ത് എന്നിവയുമായി പുതുക്കല്‍ കേന്ദ്രത്തിലെത്തി ആയുഷ്മാന്‍ ഭാരത് -കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി കാര്‍ഡ് പുതുക്കി എടുക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9995606033.ടോള്‍ഫ്രീ.നമ്പര്‍ 1800 200 2530

ജില്ലാ കുടുംബശ്രീ കലോല്‍സവം മടിക്കൈയില്‍

കുടുംബശ്രീ ജില്ലാ കലോല്‍സവം ഈ മാസം 28, 29 തിയ്യതികളിലായി മടിക്കൈ ഗ്രാമപഞ്ചായത്തില്‍ നടക്കും. ജില്ലാതല മേളയില്‍ 34 ഇനങ്ങളിലായി 1132 മല്‍സരാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സംസ്ഥാനതല കലോത്സവത്തില്‍ കാസര്‍കോട് കുടുംബശ്രീ ജില്ലാമിഷനാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നത്.

ദേശീയ പോഷക മാസാചരണത്തിന് ജില്ലയില്‍ തുടക്കം

ദേശീയ പോഷകാഹാരമാസാചരണത്തിന് ജില്ലയില്‍ തുടക്കമായി. സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 16വരെ നാഷണല്‍ ന്യുട്രീഷന്‍ മിഷന്റെ നേതൃത്വത്തില്‍ രാജ്യമെങ്ങും വിവിധങ്ങളായ പരിപാടികളോടെയാണ് ‘പോഷണ്‍ മാഹ്’ എന്ന പേരില്‍ പോഷക മാസാചചരണം സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ജില്ലയില്‍ ഈ മാസം മൂന്നു മുതല്‍ തന്നെ വിവിധ പരിപാടികള്‍ നടത്തി വരുന്നുണ്ട്. കാസര്‍കോട് സിഡ്കോ ഹാളില്‍ സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാമ്പയിനോടെ ജില്ലാതല പരിപാടികള്‍ക്ക് ആരംഭമായി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാതല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീനാ ഭരതന്‍, ജില്ലാ സ്വസ്ത് ഭാരത് പ്രേരക് അഷ്ഹര്‍, ജില്ലയിലെ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍, നാഷണല്‍ ന്യുട്രീഷന്‍ മിഷന്‍ ജില്ലാ, ബ്ലോക്ക് തല കോ-കോഡിനേറ്റര്‍മാര്‍, അസിസ്റ്റന്റുമാര്‍ തുടങ്ങി നൂറിലേറെ പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അധ്യാപക നിയമനം

പട്‌ള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എ (ഹിന്ദി) ഒഴിവുണ്ട്. അഭിമുഖം ഈ മാസം 20ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം

ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത ശാസ്ത്ര അധ്യാപകന്റെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഈ മാസം 23ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

അഭയകിരണം പദ്ധതി: അപേക്ഷ ക്ഷണിച്ചു

അഗതികളായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിന് അഭയകിരണം പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 50 വയസ്സിനു മുകളില്‍ പ്രായമുള്ള വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത അശരണരായ വിധവകളുടെ സംരക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോമുകളും വിശദ വിവരങ്ങളും ംരറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും, എല്ലാ ശിശുവികസനപദ്ധതി ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ ഈ മാസം 25 നകം ബന്ധപ്പെട്ട ശിശുവികസനപദ്ധതി ഓഫീസുകളില്‍ സമര്‍പ്പിക്കണം.

അധ്യാപക ഒഴിവ്

കാസര്‍കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് പ്ലസ് ടു വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സീനിയര്‍) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. അഭിമുഖം ഈ മാസം 19 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

വാഹന ലേലം

എസ്.എസ്.എ. കാസര്‍കോട് ജില്ലാ പ്രോജക്ട് ഓഫീസിലെ വാഹനം( ടാറ്റാ ഇന്‍ഡിഗോ എല്‍.എം.വി മോട്ടോര്‍ കാര്‍) ജില്ലാ പ്രോജക്ട് ഓഫീസില്‍ നിന്നും ഈ മാസം 26 ന് വൈകുന്നേരം നാലിന് ലേലം ചെയ്യും. ഫോണ്‍-04994 230316.

പ്രളയ ദുരന്തങ്ങള്‍ ലഘൂകരിക്കാം: പരിശീലനം 20 ന്

സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള കേന്ദ്ര സര്‍വ്വകലാശാല, കാസര്‍കോട് പീപ്പ്ള്‍സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രളയ ദുരന്തങ്ങളെ ലഘുകരിക്കാനുളള മുന്‍കരുതല്‍ നടപടികളെ സംബന്ധിച്ച പരിശീലനം ഈ മാസം 20 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ നടത്തും. പരിശീലനപരിപാടി കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ.ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് പീപ്പ്ള്‍സ് ഫോറം പ്രസിഡണ്ട് പ്രൊഫ.വി. ഗോപിനാഥന്‍ അധ്യക്ഷനായിരിക്കും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുഖ്യ ശാസ്ത്രജ്ഞന്‍ കമലാക്ഷന്‍ കൊക്കാല്‍ കേരളത്തിലെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. മാറുന്ന കാലാവസ്ഥയില്‍ ദുരന്തം മൂലം ഉണ്ടാവുന്ന അപകടങ്ങള്‍ കുറക്കുന്നതിനെക്കുറിച്ച് കൊച്ചി സര്‍വ്വകലാശാലയിലെ ഡോ.എം.ജി.മനോജും ദുരന്ത ലഘുകരണത്തില്‍ ഇക്കോക്ലബ് അധ്യാപകരുടെ ചുമതലയെ കുറിച്ച് കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് ജിയോളജി വകുപ്പ് മേധാവി ഡോ.എ.എന്‍. മനോഹരനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സീക്ക് ഡയറക്ടര്‍ ടി.പി. പത്മനാഭന്‍, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഇക്കോക്ലബ് കോ.കോഡിനേറ്റര്‍ ആനന്ദന്‍ പേക്കടം തുടങ്ങിയവര്‍ ക്ലാസുകള്‍ എടുക്കും. പീപ്പ്ള്‍സ് ഫോറം സെക്രട്ടറി എം.പത്മാക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഇക്കോക്ലബ് അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുക്കണം.

ജില്ലാ ആസൂത്രണ സമിതി യോഗം

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മാറ്റം വരുത്തിയ പദ്ധതികള്‍ ചര്‍ച്ചചെയ്ത് അംഗീകരിക്കുന്നതിനും ജില്ലാ ആസൂത്രണ സമിതി യോഗം ഈ മാസം 20 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) നിയമനം

കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിനു (ഭാരതീയ ചികിത്സാ വകുപ്പ്) കീഴിലുളള വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ 18 നും 40 നും മധ്യേ പ്രായമുളളവരും ബി.എ.എം.എസും നിയമാനുസൃത രജിസ്‌ട്രേഷനും ഉളളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലുളള പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഭാരതീയ ചികിത്സാ വകുപ്പ്) അഭിമുഖത്തിന് ഹാജരാകണം.

NO COMMENTS