ഭാഷ പ്രമേയമാക്കി ബിനാലെയില്‍ എഴുത്തുകാരുടെ സംവാദം

277

കൊച്ചി: നോഹയുടെ പേടകത്തില്‍നിന്നു പുറത്തുവന്ന മനുഷ്യന്റെ സന്തതിപരമ്പര ഒരേ ഭാഷ സംസാരിച്ചിരുന്നു. ബാബേല്‍ നഗരത്തില്‍ കൂടിച്ചേര്‍ന്ന മനുഷ്യര്‍ സ്വര്‍ഗത്തോളം ചെല്ലുന്ന ഗോപുരം നിര്‍മ്മിക്കാനാരംഭിച്ചു. ഇത്‌ നിഷേധപ്രവര്‍ത്തിയായി കണ്ട ദൈവം ബാബേല്‍ ഗോപുരം തകര്‍ക്കുകയും ഏക ഭാഷ ഇല്ലാതാക്കി മനുഷ്യര്‍ പരസ്‌പരം മനസിലാക്കുന്നത്‌ അവസാനിപ്പിക്കുകയും ചെയ്‌തു. ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനുമുള്ള ഭാഷയുടെ ശേഷികളെപ്പറ്റി അന്നുമുതല്‍ തന്നെ മനുഷ്യന്‍ ചിന്തിച്ചിരുന്നു. കൊച്ചി-മുസിരിസ്‌ ബിനാലെയിലെ എഴുത്തുകാര്‍ ഒത്തുചേര്‍ന്നപ്പോള്‍ സാമ്രാജ്യത്വവും നവസാമ്രാജ്യത്വം തദ്ദേശീയ ഭാഷകളില്‍ ഏല്‍പ്പിച്ച മുറിവുകളും, പരാജിതരുടെ ഭാഷയെ വിജയിയുടെ ഭാഷ പൂര്‍ണമായും തുടച്ചുനീക്കിയ സന്ദര്‍ഭങ്ങളും ചര്‍ച്ചയായി. കബ്രാള്‍ യാഡില്‍ നടന്ന `വാട്ട്‌ ലാങ്‌ഗ്വേജ്‌ മീന്‍സ്‌ ടു മീ’ (ഭാഷ എനിക്കെന്ത്‌) എന്ന സംവാദത്തില്‍ റൗള്‍ സുറീത, ശര്‍മ്മിഷ്‌ഠ മൊഹന്തി, അലേഷ്‌ ഷ്‌റ്റെയ്‌ഗര്‍, സെര്‍ജിയോ ചെയ്‌ഫെക്‌, ഒയാങ്ങ്‌ ജിയാന്‍ഗി, വലേറി മെയര്‍ കാസോ എന്നിവര്‍ പങ്കെടുത്തു.

ഭാഷയ്‌ക്ക്‌ ഒഴുക്കുണ്ടെന്നും അതിരുകള്‍ ഭേദിക്കാനുള്ള കഴിവുണ്ടെന്നും അര്‍ജന്റീനിയന്‍ കവിയും നോവലിസ്റ്റുമായ ചെയ്‌ഫെകിന്റെ അഭിപ്രായത്തോട്‌ ചിലിയന്‍ വിപ്ലവകവി റൗള്‍ സുറീത വിയോജിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ഭാഷയെന്നത്‌ അതിരുതിരിക്കുന്ന ഒരു ഘടകമാണെന്ന്‌ സുറീത പറഞ്ഞു. ഒറ്റ ഭാഷ (സ്‌പാനിഷ്‌) മാത്രം ഉപയോഗിക്കുന്നതുകൊണ്ട്‌ അതിന്റെ പരിമിതികളും പ്രത്യേകതകളും ഉപയോഗിക്കുക എന്നതൊഴികെ മറ്റ്‌ സാധ്യതകളൊന്നും തന്നെയില്ല. മാത്രമല്ല, ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ സ്‌പാനിഷ്‌ ഭാഷ സംസാരിക്കുന്നവര്‍ ഓരോ വാക്കിലും, എഴുത്തിലെ ഓരോ കോമയിലും ആ ഭാഷ തദ്ദേശീയ ഭാഷകളെ തുടച്ചുനീക്കി തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സാഹചര്യംകൂടി ഓര്‍ക്കാറുണ്ടെന്നും സുറീത പറഞ്ഞു.

സുറീതയുടെ അഭിപ്രായത്തോട്‌ പൂര്‍ണമായും യോജിച്ച്‌ ചൈനീസ്‌ കവി ഒയാങ്ങ്‌ ജിയാന്‍ഗി, തന്റെ `ഫ്രം ഇംഗ്ലിഷ്‌ ടു ചൈനീസ’്‌ എന്ന കവിത ഈ പ്രമേയമാണ്‌ കൈകാര്യം ചെയ്യുന്നത്‌ എന്നു വ്യക്തമാക്കി. ഭാഷ അഭൗമമായ ഒന്നാണെന്നും മനുഷ്യന്റെ ജന്തുശരീരത്തെ അത്‌ പ്രാപിക്കുകയാണെന്നും സ്ലൊവേനിയന്‍ കവിയായ അലേഷ്‌ ഷ്‌റ്റെയ്‌ഗര്‍ പറഞ്ഞു. ഭാഷ സമഗ്രമാണെന്നും അതു ശേഷിപ്പുകളൊന്നും ബാക്കിവയ്‌ക്കുന്നില്ലെന്നും ശര്‍മ്മിഷ്‌ഠ മൊഹന്തി വ്യക്തമാക്കി. കവിതതന്നെ ഒരു അന്യഭാഷയാണെന്നും, എന്നാല്‍ വേദനിക്കുന്ന മനുഷ്യര്‍ അവശേഷിക്കുന്നിടത്തോളം കാലം കവിത ആവിഷ്‌കാരത്തിന്റെ മാര്‍ഗമായി തുടരുമെന്നും മെക്‌സിക്കന്‍ കവയത്രി വലേറി മെയര്‍ കാസോ കൂട്ടിച്ചേര്‍ത്തു.
പരിഭാഷക അന്ന ഡീനി മൊറെയ്‌ല്‍സ്‌ മോഡറേറ്ററായി.

NO COMMENTS

LEAVE A REPLY