പ്രളയത്തിലകപ്പെട്ടവര്‍ക്ക് ടൂറിസം വഴി തൊഴിലവസരം നേടാന്‍ പരിശീലനം നല്‍കും : കടകംപള്ളി സുരേന്ദ്രന്‍

186

കൊച്ചി : പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ടൂറിസത്തിലൂടെ വരുമാനം ഉണ്ടാക്കാനുള്ള സാധ്യത ആരായാന്‍ സര്‍വേ നടത്തുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിനായിരിക്കും പ്രാദേശികവാസികളില്‍ സര്‍വേ നടത്താനുള്ള ചുമതല. അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമായിരിക്കും സര്‍വേ നടത്തുന്നത്. ഈ പ്രക്രിയയിലൂടെ കുറേയാളുകളെ ടൂറിസം മേഖലയിലേക്ക് കൊണ്ടു വരാന്‍ സാധിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നവകേരളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ടൂറിസം മേഖലയ്ക്കായി 700 ലധികം കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ടൂറിസം മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലോചിതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്‍റെ ആകെ വരുമാനത്തിന്‍റെ 10 ശതമാനം ടൂറിസത്തില്‍ നിന്നാണ്. മലബാറിന്‍റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ട് ആദ്യം പ്രഖ്യാപിച്ചതിനു പുറമെ കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂലമായ സാഹചര്യത്തിനിടയിലും കെടിഎം പോലൊരു അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനം നടത്താന്‍ സാധിച്ചതില്‍ ഭാരവാഹികള്‍ക്ക് അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ്, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ശ്രീ ബേബി മാത്യു, മുന്‍ പ്രസിഡന്‍റ്മാരായ ഏബ്രഹാം ജോര്‍ജ്ജ്, ഇ എം നജീബ്, കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍, കെടിഡിസി എംഡി ആര്‍ രാഹുല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

NO COMMENTS