സഹകരണ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു ; മന്ത്രി വി.എൻ.വാസവൻ

21

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചതായി സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ സഹായം അനുവദിക്കാതിരുന്ന ഒട്ടനവധി രോഗങ്ങൾക്ക് ചികിത്സാധനസഹായം ലഭിക്കു ന്നതിനായി ബോർഡിന്റെ ചട്ടങ്ങൾ ഭേദഗതി വരുത്തിയിട്ടുണ്ട്.

ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് 14778 ജീവനക്കാർക്കായി 25,24,45,361 രൂപയുടെ സഹായം വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരായ 290 പേർക്ക് 7,18,25000 രൂപ മരണാനന്തര ധനസഹായമായും ഈ കാലയളവിൽ അനുവദിച്ചു. സേവനത്തിൽ നിന്നും പിരിഞ്ഞുപോയ 5445 ജീവനക്കാർക്ക് ബോർഡിലേക്ക് അടച്ച വിഹിതം ഇനത്തിൽ 17,84,86,490 രൂപ തിരികെ നൽകുകയും അതോടൊപ്പം 10% ഇൻസെന്റിവായി 1,69,23,861 രൂപ നൽകുകയും ചെയ്തു. ഇക്കാലയളവിൽ 1479 ജീവന ക്കാർക്കും അവരുടെ ആശ്രിതർക്കുമായി 9,03,10,000 രൂപ വിവിധ ചികിത്സാ ധനസഹായങ്ങളായി നൽകിയിട്ടുണ്ട്.

ഓണം പ്രമാണിച്ച് ഫെസ്റ്റിവൽ അലവൻസ്, ബോണസ് എന്നിവ നൽകാൻ സാഹചര്യമില്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് അംഗങ്ങളായ 276 ജീവന ക്കാർക്ക് 3000 രൂപ വീതം 82,8000 രൂപ സമാശ്വാസ ധനസഹായമായി നൽകി. കോവിഡ് പ്രതിസന്ധിക്കിടയിൽ തിരിച്ചടക്കേണ്ടാത്ത ധനസഹായമായി 2500 രൂപ വീതം 133 പേർക്ക് 3,32,500 രൂപയും വിതരണം ചെയ്തിട്ടുണ്ട്.

കലാ-കായിക രംഗത്തെ മികവിനും പഠനത്തിൽ ഉന്നതവിജയം നേടുകയും ചെയ്തു സഹകരണ ജീവനക്കാരുടെ മക്കൾക്കായി വർഷം തോറും നൽകുന്ന ക്യാഷ് അവാർഡ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കോളർഷിപ്പ് വിതരണമായി മാറിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 3 വർഷങ്ങളിലായി 11 കേന്ദ്രങ്ങളിൽ വച്ച് 7155 കുട്ടികൾക്ക് 7,22,26,000 രൂപ (ഏഴു കോടി ഇരുപത്തിരണ്ട് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ) ക്യാഷ് അവാർഡായി നൽകി.

വെൽഫെയർ ബോർഡ് അംഗങ്ങൾക്കുള്ള ചികിത്സാ ധനസഹായത്തിലും വർദ്ധനവരുത്തിയിട്ടുണ്ട്. ക്യാൻസർ, ഹൃദയശസ്ത്രക്രിയ, കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കിഡ്നി നീക്കം ചെയ്യൽ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കരൾ ശസ്ത്രക്രിയ (കരൾ ദാതാവിന് ഉൾപ്പെടെ), മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, എന്നീ ചികിത്സകൾക്ക് നൽകി വന്നിരുന്ന ധനസഹായം 1,50,000 രൂപയായി വർദ്ധിപ്പിച്ചു. നിലവിൽ 1,25,000 രൂപയാണ് നൽകിയിരുന്നത്. കാഴ്ച ശക്തിക്കുണ്ടാകുന്ന വൈകല്യം, തളർവാതം ബാധിച്ച് ജോലിക്ക് ഹാജരാകാൻ സാധിക്കാത്ത അവസ്ഥ, അപകടം മൂലമോ, മറ്റ് കാരണങ്ങളാലോ ഉണ്ടാകുന്ന അംഗവൈകല്യം എപ്പിലെപ്‌സി, ഹെഡ് ഇൻജുറി, മെനിഞ്ചൈറ്റിസ്, എൻസഫാലിറ്റിസ്, ജോയിന്റ് സർജറി എന്നീ ചികിത്സകൾക്കും, തലച്ചോറിനെയും, സുഷുമ്‌നാകാണ്ഡത്തേയും ബാധിക്കുന്ന ഡീജനറേറ്റീവ് രോഗങ്ങൾക്കുമുള്ള ചികിത്സകൾക്കും അനുവദിച്ചിരുന്ന സഹായധനം 75,000 രൂപയിൽ നിന്ന് 1,00,000 രൂപയായി വർധിപ്പിച്ചു.

ഓപ്പറേഷൻ ഇല്ലാതെയുള്ള ഹൃദയം, കിഡ്നി, കരൾ സംബന്ധമായ അസുഖങ്ങൾ, തൈറോയ്ഡ് ഓപ്പറേഷൻ, ഹെർണിയ ഓപ്പറേഷൻ, യൂട്രസ് നീക്കം ചെയ്യൽ എന്നിവയ്ക്കു നൽകി വന്നിരുന്ന സഹായധനം 25,000 രൂപയിൽ നിന്നും ചികിത്സയ്ക്ക് ചിലവാകുന്ന തുകയ്ക്ക് വിധേയമായി പരമാവധി 30,000 രൂപയായി വർദ്ധിപ്പിച്ചു. ചിക്കുൻ ഗുനിയ, ടി.ബി, ആസ്ത്മ, എച്ച്1 എൻ1, ഡങ്കിപ്പനി, എലിപ്പനി, വെരിക്കോസ് വെയിൻ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് നൽകി വന്നിരുന്ന സഹായ ധനം 15,000 രൂപയിൽ നിന്നും ചെലവാകുന്ന തുകയ്ക്ക് വിധേയമായി പരമാവധി 20,000 രൂപയായി വർദ്ധിപ്പിച്ചു. ജീവനക്കാരുടെ ആശ്രിതർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം നൽകുന്ന പദ്ധതി 40,000 രൂപയിൽ നിന്നും 50,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ചികിൽസാ ധനസഹായം കൂടുതൽ രോഗങ്ങൾക്ക് ചികിൽസ തേടുന്നവർക്ക് കൂടി ലഭിക്കുന്നതിനായി ബോർഡിന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതായും മന്ത്രി അറിയിച്ചു. കൂടുതൽ സഹായം ജീവനക്കാർക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. അതനുസരിച്ച് ബ്രയിൻ ട്യൂമർ, എച്ച്.ഐ.വി.-എയിഡ്സ് എന്നീ രോഗങ്ങൾക്ക് 1,50,000 രൂപ സാമ്പത്തിക സഹായം ലഭിക്കുന്ന രീതിയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഓട്ടിസം, മെന്റൽ ഡിസോർഡേഴ്‌സ്, ഗില്ലൻബെറി സിൻഡ്രോം എന്നീ രോഗങ്ങൾക്ക് കൂടി 1,00,000 രൂപ സാമ്പത്തിക സഹായം ലഭിക്കുന്ന രീതിയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ജീവനക്കാർക്ക് നൽകിവരുന്ന മന്ത്, ന്യൂമോണിയ, ആർത്രൈറ്റിസ്, പാർക്കിൻസൺസ്, സ്‌ട്രോക്ക്, കല്ല് നീക്കം ചെയ്യൽ ശസ്ത്രക്രിയ, ഡിസ്‌ക് സംബന്ധമായ അസുഖങ്ങൾ, ശസ്ത്രക്രിയ ആവശ്യമായ മറ്റ് അസുഖങ്ങൾ എന്നിവയ്ക്ക് കൂടി ഈ ധനസഹായം ലഭിയ്ക്കുന്നതിനുള്ള വ്യവസ്ഥകൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അപ്പന്റിസൈറ്റിസ്, സോറിയാസിസ് പൈൽസ്-ഫിസ്റ്റുല ശസ്ത്രക്രിയ, യൂട്രസ് സംബന്ധമായ അസുഖങ്ങൾ, ഗ്ലൂക്കോമ, സ്ലിറോഡർമ, സ്‌പോണ്ടിലൈറ്റിസുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ, തിമിരം, മൂത്രാശയത്തിലെ കല്ല്, അപകടം മൂലമുള്ള അസ്ഥിപൊട്ടൽ, വന്യമൃഗങ്ങളുടെ ആക്രമണം, വൈറസ് പരത്തുന്ന രോഗങ്ങൾ എന്നിവയ്ക്ക് കൂടി ഈ ധനസഹായം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സേവനത്തിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ അവകാശിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം 2,50,000 രൂപയിൽ നിന്നും 3,00,000 രൂപയായി വർധിപ്പിച്ചു. ജീവനക്കാരും സംഘവും ബോർഡിലേയ്ക്ക് അടയ്‌ക്കേണ്ട പ്രതിമാസ വിഹിതത്തിലും നാമമാത്രമായ വർദ്ധനവ് വരുത്തിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 130 രൂപ, പ്രതിമാസ വിഹിതം 15,000 രൂപയോ അതിൽ കൂടുതലോ അടിസ്ഥാന ശമ്പളമോ മൊത്ത ശമ്പളമോ വാങ്ങുന്ന ജീവനക്കാർക്ക് 250 രൂപയും 15,000 രൂപയ്ക്ക് താഴെ അടിസ്ഥാന ശമ്പളമോ മൊത്ത ശമ്പളമോ വാങ്ങുന്ന ജീവനക്കാരുടെ വിഹിതം 150 രൂപയുമായാണ് വർധിപ്പിച്ചത്. സംഘം അടയ്‌ക്കേണ്ട പ്രതിമാസവിഹിതം 130 രൂപയിൽ നിന്ന് 150 രൂപയായുമാണ് വർധിച്ചത്.

ജില്ലാ തലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് 2 എന്നിവയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന 10,000 രൂപയുടെ ക്യാഷ് അവാർഡ് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി ബാധകമാക്കയതായി മന്ത്രി അറിയിച്ചു. ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് സംസ്ഥാന തലത്തിൽ സഹകരണം ഐശ്ചിക വിഷയമായെടുത്ത് ബിരുദം, ബിരുദാനന്തര ബിരുദം പാസാകുന്നവരിൽ നിന്ന് ഉയർന്ന മാർക്ക് നേടുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് 10,000 രൂപ 7,000 രൂപ 5,000 രൂപ എന്നിങ്ങനെ ധനസഹായം നൽകും. അതോടൊപ്പം തന്നെ ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും സംസ്ഥാന തലത്തിൽ ഉയർന്ന മാർക്ക് നേടുന്ന ഓരോ വിദ്യാർത്ഥിക്ക് അതാത് വിഭാഗത്തിൽ 10,000 രൂപ വീതം ധനസഹായം നൽകുന്നതിന് ചട്ടങ്ങളിൽ വ്യവസ്ഥ ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

സംസ്ഥാന തലത്തിൽ ഉയർന്ന മാർക്ക് നേടിയ ബി.ടെക്ക്, എം.ടെക്ക് ബി.എസ്.സി. നഴ്‌സിംഗ് ബിരുദധാരികൾക്ക് നൽകിയിരുന്ന 15,000 രൂപയുടെ ക്യാഷ് അവാർഡിന് എം.എസ്.സി. നഴ്‌സിംഗ് കൂടി ഉൾപ്പെടുത്തി. ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് സംസ്ഥാന തലത്തിൽ എം.ബി.ബി.എസ്., ബിഡി.എസ്., ബി.എ.എം.എസ്. ബി.എച്ച്.എം.എസ്. എന്നീ കോഴ്‌സുകൾക്കും അവയുടെ ബിരുദാനന്തര കോഴ്‌സിന് ഉയർന്ന മാർക്ക് നേടിയവർക്ക് നൽയിരുന്ന 25,000 രൂപയുടെ ക്യാഷ് അവാർഡിന് വെറ്റിനറി സയൻസിൽ നിന്നുള്ള ബിരുദവും ബിരുദാനന്തര ബിരുദവും കൂടി ചട്ടങ്ങളിൽ ഉൾപ്പെടുത്തി.

സർവീസിലിരിക്കെ മരണപ്പെടുന്ന ബോർഡിൽ അംഗത്വമുള്ള ജീവനക്കാരുടെ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസത്തിനായി ഭരണ സമിതി കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന വാർഷിക സ്‌കോളർഷിപ്പിനുള്ള വ്യവസ്ഥ ചട്ടങ്ങളിൽ ഉൾപ്പെടുത്തി. കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്നത് വരെ ഈ വാർഷിക സ്‌കോളർഷിപ്പ് ലഭിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി.സുഭാഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY