കായികമേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് ഫുട്ബോള്‍ താരം ഐ എം വിജയന്‍.

155

തിരുവനന്തപുരം : കായികമേഖലയില്‍ വലിയ അനുഭവസമ്ബാദ്യമുള്ള പരിശീലകരും മികച്ച സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇത് കായികമേഖലയില്‍ പുത്തന്‍ ഉണര്‍വിന് സഹായിക്കും. പുതിയ തലമുറയെയാണ് ഏറ്റവുമധികം അസുഖങ്ങള്‍ ബാധിക്കുന്നത്. ഇതിനെ മറികടക്കാന്‍ കായികവിനോദത്തിന് കഴിയും. അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേട്ടമില്ലാതെ പോകുന്നതിന്റെ കാരണങ്ങളിലൊന്ന് കായികതാരങ്ങളുടെ ആരോ​ഗ്യമാണ്. ഇതിന് പരിഹാരം കായിക സംസ്കാരമാണെന്ന് ഐ എം വിജയന്‍ പറഞ്ഞു. യങ് സ്കോളേഴ്സ് കോണ്‍​ഗ്രസിന്റെ ജനകീയ കായിക സംസ്കാരമെന്ന സെഷന്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പുതിയ കായികസംസ്കാരം വളര്‍ത്തിയെടുക്കാന്‍ സമ​ഗ്രപദ്ധതികള്‍ തയ്യാറാക്കണമെന്ന് യങ് സ്കോളേഴ്സ് കോണ്‍​ഗ്രസ് ആവശ്യപ്പെട്ടു. ഇതിനായി കായികമേഖലയെക്കുറിച്ചും കായിക ക്ഷമതയെപ്പറ്റിയും കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വളര്‍ത്തണം. കേരളത്തില്‍ സ്കൂളുകള്‍ക്ക് പ്രവര്‍ത്തന അനുമതിയുടെ മാനദണ്ഡത്തില്‍ കളിസ്ഥലവും ഉള്‍പ്പെടുത്തണം. നാടിന്റെ പരമ്ബരാഗതമായ കായികസംസ്കാരം ഇപ്പോള്‍ നിര്‍ജീവമാണ്. വിദ്യാര്‍ഥികളുടെ ഇടയിലെ കുറഞ്ഞ കായിക ക്ഷമതയും പൊതുജനങ്ങള്‍ക്കിടയില്‍ ആവശ്യമായതിലും കുറഞ്ഞ കായിക പ്രവര്‍ത്തനവുമാണുള്ളത്. കായിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവബോധത്തിന്റെ പോരായ്മയാണിത്. ഈ പോരായ്മകള്‍ പരിഹരിക്കാനായി നവകായിക സംസ്കാരമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നയരൂപീകരണം ആവശ്യമാണ്.

ഗ്രാമപ്രദേശങ്ങളില്‍ അന്യംനിന്ന് പോയ പ്രാദേശിക വിനോദങ്ങള്‍ പുനര്‍ജീവിപ്പിക്കണം. ഇതിലൂടെ ജനകീയ കായിക വിനോദങ്ങള്‍ക്ക് മികച്ച അടിത്തറ സൃഷ്ടിക്കാന്‍ കഴിയും. ശാസ്ത്രീയമായ കായികരീതി പരമാവധി ജനകീയമാക്കുന്ന രീതിയെ മുന്‍നിര്‍ത്തിയാണ് പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്. സാമൂഹ്യവിഷയങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ കായികമേഖലയിലൂടെ കഴിയും. സ്ത്രീശാക്തീകരണവും ലിം​ഗസമത്വവും മുന്‍​ഗണന നല്‍കുന്ന കായികമേഖല ഒരുക്കാന്‍ കഴിയണം. ഇതിന് വലിയ സാധ്യതകളാണുള്ളത്. ഇതിലൂടെ സാമൂഹ്യമുന്നേറ്റവും സാധ്യമാവും. ഇതെല്ലാം പരി​ഗണിച്ചാണ് ജനകീയ സ്വഭാവമുള്ള കായികസംസ്കാരം നിര്‍മിക്കേണ്ടത്. കായിക മേഖലയിലെ വിദ​ഗ്ധര‌ടക്കമുള്ള 400ഒാളം പേര്‍ പങ്കെടുത്ത സെഷനില്‍ 31 പേപ്പര്‍ അവതരിപ്പിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി അം​ഗം എം ആര്‍ രഞ്ജിത്ത് സെഷന്‍ കണ്‍വീനറും ഡോ. ജി കിഷോര്‍ പാനല്‍ ചെയര്‍മാനുമായി. വിക്ടര്‍ മഞ്ഞില, ഡോ. കെ പി മനോജ്, ഡോ. പി ടി ജോസഫ്, ചാക്കോ ജോസഫ്, ഡോ. ജയരാജ് ഡേവിഡ് എന്നിവരായിരുന്നു പാനല്‍ ​അംഗങ്ങള്‍.

NO COMMENTS