കോവിഡ് മാലിന്യങ്ങളുടെ സംസ്‌കരണം: മാർഗനിർദേശങ്ങളുമായി ഹരിതകേരളം മിഷൻ

96

കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യസംസ്‌കരണം ഉറപ്പാക്കാൻ നടത്തേണ്ട ഇടപെടലുകളും ശുചിത്വശീലങ്ങളും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളുമായി ഹരിതകേരളം മിഷൻ. കമ്യൂണിറ്റി കിച്ചൻ പോലുള്ള പൊതുസംരംഭങ്ങളിലും അല്ലാതെയുമുള്ള കൂട്ടായ പ്രവർത്തനങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളാണിവ. ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾക്കും സംശയനിവാര ണത്തിനും ഹരിതകേരളം മിഷന്റെയും, ശുചിത്വ മിഷന്റെയും ജില്ലാ കോ-ഓർഡിനേറ്ററെ ബന്ധപ്പെടാം.

കമ്യൂണിറ്റി കിച്ചനുകൾ, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാലിന്യസംസ്‌കരണങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ഉപയോഗിച്ച മാസ്‌കുകളും കൈയ്യുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം. ഇവ ഉപയോഗിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ഇവ നശിപ്പിക്കണം.

പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്വസ്തുക്കൾ ഒരു കാരണവശാലും കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. അവ കഴുകി വൃത്തിയാക്കി സൂക്ഷിച്ചുവയ്ക്കണം. കോവിഡ് ഭീതി ഒഴിയുമ്പോൾ ഹരിതകർമ്മ സേനാംഗങ്ങൾ വന്ന് ശേഖരിക്കും അഴുകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാൻ നടപടി സ്വീകരിക്കണം. മഴയെത്തുമ്പോൾ ഡെങ്കിയും ചിക്കുൻഗുനിയയും പോലുള്ള രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ ഇത് പ്രധാനമാണ്.

കോവിഡ് 19 ന്റെ അതജീവനകാലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങൾ, പ്രത്യേകിച്ചും കോവിഡ് ആശുപത്രികൾ, ഐസൊലേഷൻ യൂണിറ്റുകൾ, വീടുകളിലെ ക്വാറന്റൈൻ, താത്കാലിക കോവിഡ് സാമൂഹ്യ കേന്ദ്രങ്ങൾ മുതലായവയിൽ നിന്നും വരുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ എന്നിവയെല്ലാം കോവിഡ് മാലിന്യങ്ങളായി തന്നെ പരിഗണിക്കണം. ഇവയെല്ലാം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കൈകാര്യം ചെയ്യുകയും സംസ്‌കരിക്കുകുയം ചെയ്യണം.

ഇത്തരത്തിൽ ശാസ്ത്രീയമായി സംസ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണം.
കോവിഡ് കാലത്തെ ജലസംരക്ഷണ-കാർഷിക പ്രവർത്തനങ്ങൾ സംബന്ധിച്ചും ഹരിതകേരളം മിഷൻ ഇതിനകം തദ്ദേശ സ്ഥാപനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് വീടുകളിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും വീടുകളിൽ ഇക്കാലത്ത് നടത്താൻ കഴിയുന്ന പച്ചക്കറിക്കൃഷിരീതികളെ സംബന്ധിച്ചുമുള്ള ബോധവത്കരണവും ഹരിതകേരളം മിഷൻ ആരംഭിച്ചിട്ടുണ്ട്.

NO COMMENTS