സ്വര്‍ണക്കള്ളക്കടത്ത് വിവാദം – എല്‍ ഡി എഫ് യോഗം അടുത്തയാഴ്ച

38

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് തുറന്നുവിട്ട രാഷ്ട്രീയ വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരി ക്കെ എല്‍ഡിഎഫ് യോഗം അടുത്തയാഴ്ച ചേരും. തിരുവനന്തപുരം വിമാനത്താവളത്തില്‍ യുഎഇ നയതന്ത്ര ചാനല്‍ വഴി എത്തിയ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഒന്നിനു പിന്നാലെ ഒന്നായി ഉയര്‍ന്ന വിവാദ ങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ , പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിൽ വരെ എത്തി നിൽക്കുന്നു .

കേസിലെ കുറ്റാരോപിതരായ സ്വപ്‌ന സുരേഷും സരിത്തുമായുള്ള ബന്ധമാണ് ശിവശങ്കറിന് വിനയായത്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥരായിരുന്ന ഇരുവരെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.ഇവര്‍ ഉള്‍പ്പെടെ കേസില്‍ പത്തോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്ക് പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും ശിവശങ്കരനുമായി പ്രധാന പ്രതികള്‍ക്കുള്ള ബന്ധത്തെ ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലാണ്.

കൂടാതെ, വിവിധ കണ്‍സള്‍ട്ടന്‍സി കരാറുകളും ഐടി വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കരാര്‍ നിയമനങ്ങള്‍ നടന്നതും വിവാദമായിട്ടുണ്ട്.അതേസമയം, സിപിഎം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ യോഗം 23-ന് ചേരുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.തിരുവനന്തപുരത്ത് ജൂലൈ 28-നാണ് യോഗം നടക്കുക.

.

NO COMMENTS