ഗൗരി ലങ്കേഷിന് ഔദ്യോഗിക ബഹുമതികളോടെ വിട

284

ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ബംഗളുരുവിലെ ലിന്‍ഗായാത് സെമിത്തേരിയിലായിരുന്നു സംസ്കാരം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി ഉള്‍പ്പടെ നിരവധി പേരാണ് ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. കന്നഡ മാഗസിനായ ലങ്കേഷ് പത്രികയുടെ എഡിറ്ററായ ഗൗരി ലങ്കേഷ് ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

ബെംഗളൂരു രാജേശ്വരി നഗറിലെ അവരുടെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6.30 നാണ് സംഭവം നടന്നത്. ഗൗരി ലങ്കേഷ് തന്റെ കാറില്‍ നിന്ന് ഇറങ്ങി വീടിന്റെ ഗേറ്റ് തുറക്കുമ്ബോള്‍ വെടിയേല്‍ക്കുകയായിരുന്നു. നെഞ്ചിലായിരുന്നു വെടിയുതിര്‍ത്തത്. നിമിഷ നേരം കൊണ്ട് ഏഴ് റൗഡ് വെടിയുതിര്‍ത്തു. ഗൗരി ലങ്കേഷ് ഹിന്ദുത്വ ഭീകരതയ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന വ്യക്തിത്വമായിരുന്നു. രണ്ട് വര്‍ഷം മുന്നേ വെടിയേറ്റ് മരിച്ച എഴുത്തുകാരന്‍ കല്‍ബുര്‍ഗിയുടെ മരണവുമായി ഗൗരി ലങ്കേഷിന്റെ മരണത്തിനും സാമ്യമുണ്ട്. വര്‍ഗ്ഗീയതയിക്കെതിരായി ശക്തമായ നിലപാടെടുത്ത മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി. ഇതിന്റെ പേരില്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവര്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേരില്‍ ഗൗരിയെ അപകീര്‍ത്തി കേസില്‍ ശിക്ഷിച്ചിരുന്നു. രണ്ട് ബിജെപി നേതാക്കളാണ് ഇവര്‍ക്കെതിരായി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരുന്നത്.

NO COMMENTS