തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം

99

തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി യതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. കളക്ടറേറ്റിൽ ഇലക്ഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അവസാനവട്ട ഒരുക്കങ്ങൾ കളക്ടർ വിലയിരുത്തി. 168 ബൂത്തുകളിലേക്കുമുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കമ്മിഷനിംഗ് പൂർത്തിയാക്കി സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ(ഒക്ടോബർ 20) മെഷീനുകൾ പട്ടം സെന്റ്‌മേരീസിൽ നിന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. വോട്ടിംഗ്, വോട്ടെണ്ണൽ ദിവസങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി.

മണ്ഡലത്തിൽ 48 സെൻസിറ്റീവ് ബൂത്തുകളുള്ളതിൽ 37 എണ്ണത്തിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തി. 11 എണ്ണത്തിൽ മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് മുതൽ തെരഞ്ഞെടുപ്പ് നടക്കുന്ന 21ന് വൈകിട്ട് ആറു വരെ പൊതു സ്ഥലത്തെ പ്രചാരണ പരിപാടികൾ അനുവദിക്കില്ല. പോളിംഗ് സ്റ്റേഷന് നൂറ് മീറ്റർ പരിധിക്കുള്ളിൽ വോട്ട് ചോദിക്കുന്നതും നിയമവിരുദ്ധമാണ്.

ഇക്കാര്യം കർശനമായി പാലിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പൂർണമായും ഹരിതചട്ടം പാലിച്ചു കൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് ദിവസം ജില്ലയിൽ കനത്തമഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാനും കളക്ടർ നിർദേശിച്ചു.

NO COMMENTS