ഇ സഞ്ജീവനി വഴി ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ

22

സംസ്ഥാനത്തെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ ആരംഭിച്ചത്.

നിലവിൽ ഒ.പി. സേവനങ്ങൾ സ്വീകരിക്കുന്നവരിൽ വലിയൊരു ശതമാനം പേർക്കും തുടർ ചികിത്സ വേണ്ടി വരും. തുടർ ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടറെ കാണാൻ വലിയ ആശുപത്രികളിൽ വലിയ തിരക്കായിരിക്കും. ഇതിനൊരു പരിഹാരമായാണ് ഡോക്ടർ ടു ഡോക്ടർ സേവനം നടപ്പിലാക്കുന്നത്. എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ് അനുമതി നൽകിയിരുന്നു. കോഴിക്കോട് ജില്ലയാണ് ഡോക്ടർ ടു ഡോക്ടർ സേവനം വിജയകരമായി നടപ്പിലാക്കിയത്. മറ്റ് ജില്ലകളിലെ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലാണ്. ഇത് പൂർത്തിയാകുന്നതോടെ സംസ്ഥാന വ്യാപകമായി ഈ സേവനം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിൽ ഒരു ഹബ്ബ് രൂപീകരിച്ചാണ് ഡോക്ടർ ടു ഡോക്ടർ സേവനം ഏകോപിപ്പിക്കുന്നത്. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ എന്നിവയേയാണ് ജില്ലകളിലെ ഹബ്ബുകളാക്കിയിരിക്കുന്നത്. ഇതുകൂടാതെ പലയിടത്തും സ്പെഷ്യലിസ്റ്റുകളെ റൊട്ടേഷൻ അടിസ്ഥാനത്തിലും നിയോഗിക്കുന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ സ്പോക്കുകളായി പ്രവർത്തിക്കുന്നു.

ഫീൽഡ് പ്രവർത്തനങ്ങൾ നടത്തുന്ന പാലിയേറ്റീവ് കെയർ നഴ്സുമാർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡമാരായ നഴ്സുമാർ എന്നിവർ മുഖാന്തിരവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടാം.

അടിയന്തര റഫറൽ ആവശ്യമില്ലാത്ത രോഗികളെ വിവിധ സ്പോക്കുകളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങളനുസരിച്ചാണ് ഹബ്ബുകളിലെ വിദഗ്ധ ഡോക്ടർമാർ ഇ സഞ്ജീവനി വഴി പരിശോധിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമായി കൺസൾട്ട് ചെയ്യാനുള്ള സംവിധാനം ഇ സഞ്ജീവനി വഴി ഒരുക്കിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും ഇത്തരത്തിൽ ഹബ്ബുകളും സ്പോക്കുകളും തയാറാക്കണം. ജനങ്ങൾ അതത് ആശുപത്രികളിൽ നിന്ന് ആവശ്യമെങ്കിൽ ഡോക്ടർ ടു ഡോക്ടർ സേവനം തേടേണ്ടതാണന്നും മന്ത്രി അഭ്യർത്ഥിച്ചു.

NO COMMENTS