പൊലീസ്‌ നിയമവിരുദ്ധമായി അറസ്റ്റുചെയ്‌ത ഡോ. ആനന്ദ് തെല്‍തുംബ്ഡെയെ കോടതി വെറുതെ വിട്ടു .

222

പുണെ: മഹാരാഷ്ട്രാ പൊലീസ്‌ നിയമവിരുദ്ധമായി അറസ്റ്റുചെയ്‌ത ദലിത്‌ ചിന്തകനും എഴുത്തുകാരനും ആക്‌ടിവിസ്റ്റുമായ ഡോ. ആനന്ദ് തെല്‍തുംബ്ഡെയെ കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ വിട്ടയച്ചു. തെല്‍തുംബ്ഡെയെ അറസ്റ്റുചെയ്‌ത നടപടി നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് പുണെ കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റുചെ‌യ്‌ത് 12 മണിക്കൂറിനകമാണ്‌ കോടതി ഉത്തരവ്‌.ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് തെല്‍ത്തുബഡെയെ മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പൊലീസ് അറസ്റ്റുചെയ്‌തത്.

കേരളത്തില്‍നിന്ന് മുംബൈയില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ അധ്യാപകനായ തെല്‍ത്തുംബഡേ പുണെ സെഷന്‍സ് കോടതിയില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്‌തത്.ഭീമ കൊറേഗാവ് സംഭവങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച്‌ എഴുത്തിലൂടെ എതിര്‍പ്പ് പ്രകടിപ്പിച്ച തെല്‍തുംബ്ഡെയെ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ചാണ്‌ പൊലീസ്‌ വേട്ടയാടുന്നത്‌. ജാമ്യം ലഭിക്കുന്നതിനായി നേരത്തെ കീഴ്‌ക്കോടതികളെ സമീപിക്കാന്‍ സുപ്രീം കോടതി തെല്‍തുംബ്‌ഡെയ്ക്ക് നാലാഴ്‌ചത്തെ സമയം നല്‍കിയിരുന്നു.

അതുവരെ അറസ്റ്റ് പാടില്ലെന്ന കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് പൂണെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌.
നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റുകളെന്ന് ആരോപിച്ച്‌ പൊലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും എട്ടോളം പേരുടെ വീട് റെയ്ഡ് നടത്തുകയും ചെയ്‌തിരുന്നു. തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവലേഖ എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്‌തത്‌.ആനന്ദ് തെല്‍തുംബ്ഡെയെ വിട്ടയക്കാനുള്ള കോടതി ഉത്തരവ്‌

NO COMMENTS