ശബരിമലയിലെ സ്ത്രീ നിയന്ത്രണം : സുപ്രീം കോടതി ബെഞ്ചിൽ മാറ്റം

157

ന്യൂഡൽഹി ∙ ശബരിമലയിൽ ഏതു പ്രായക്കാരായ സ്‌ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയിൽ പരിഗണിക്കുന്ന ബെഞ്ചിൽ മാറ്റം. കേസിൽ ആദ്യംമുതൽ വീണ്ടും വിശദമായ വാദം കേൾക്കാൻ തീരുമാനം. ഹർജി തിങ്കളാഴ്‌ച പരിഗണിക്കുമ്പോൾ സംസ്‌ഥാന സർക്കാർ യുഡിഎഫിന്റെ നിലപാടു തിരുത്തുമോയെന്ന് ഇനിയും വ്യക്‌തതയില്ല. നിലപാടിൽ തീരുമാനമായിട്ടില്ലെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ജഡ്‌ജിമാരായ ദീപക് മിശ്ര, വി.ഗോപാല ഗൗഡ, കുര്യൻ ജോസഫ് എന്നിവരുടെ ബെഞ്ച് കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലായി കേസിൽ വിശദമായ വാദം കേട്ടതാണ്. എന്നാൽ, ഇപ്പോൾ കേസ് ആദ്യംമുതലേ വീണ്ടും കേൾക്കാനാണു തീരുമാനം. ജസ്‌റ്റിസ് ദീപക് മിശ്രതന്നെ അധ്യക്ഷനായുള്ള പുതിയ ബെഞ്ചിൽ ജഡ്‌ജിമാരായ ഗോപാല ഗൗഡയ്‌ക്കും കുര്യൻ ജോസഫിനും പകരം ചൊക്കലിംഗം നാഗപ്പനെയും ആർ.ഭാനുമതിയെയും ഉൾപ്പെടുത്താനാണു തീരുമാനം. കേസ് ഭാഗികമായി കേട്ടതെന്നു കണക്കാക്കണോ വേണ്ടയോ എന്ന് ബെഞ്ചിന്റെ അധ്യക്ഷനു തീരുമാനിക്കാമെന്നതു സുപ്രീം കോടതിയിലെ കീഴ്‌വഴക്കമാണ്. അതനുസരിച്ച്, ജസ്‌റ്റിസ് മിശ്ര എടുത്തതെന്നു കരുതേണ്ട തീരുമാനത്തിന്റെ കാരണം വ്യക്‌തമല്ല. പുതിയ കേസായി പരിഗണിക്കാനുള്ള തീരുമാനത്തിന്റെ കാരണം വ്യക്‌തമാക്കപ്പെട്ടിട്ടില്ലെന്നു സുപ്രീം കോടതി വൃത്തങ്ങൾ പറഞ്ഞു.

NO COMMENTS

LEAVE A REPLY