വോട്ടെണ്ണൽ – ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ – ടീക്കാറാം മീണ

142

സംസ്ഥാനത്തെ 29 കൗണ്ടിംഗ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതു കൂടാതെ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ഒന്നോ രണ്ടോ റൂമുകൾ ഒരുക്കിയിട്ടുണ്ട്. 23 ന് നടക്കുന്ന വോട്ടെണ്ണൽ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. തപാൽ വോട്ടുകൾ ആയിരിക്കും ആദ്യമെണ്ണുക. അതോടൊപ്പം ഇ.ടി.പി.ബി.എസ് വഴി ലഭിച്ച സർവീസ് വോട്ടുകൾ സ്‌കാനിംഗ് ആരംഭിക്കും.

വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിവരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും എണ്ണാൻ ഉൾപ്പെടുത്തും.
കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ്, മൈക്രോ ഒബ്‌സർവർമാർ, ഇലക്ഷൻ കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ളവർ, ഒബ്‌സർവർമാർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥി/ഇലക്ഷൻ ഏജൻറ്/ കൗണ്ടിംഗ് ഏജൻറ് എന്നിവർക്ക് മാത്രമായിരിക്കും വോട്ടെണ്ണൽ ഹാളുകളിൽ പ്രവേശനമുള്ളത്.

പരമാവധി 14 കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ടേബിളുകൾ കമ്മീഷന്റെ അനുമതിയോടെ സജ്ജീകരിക്കും. നാല്കൗണ്ടിംഗ് ടേബിളുകളാണ് പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ എണ്ണുന്നതിന് നിർദ്ദേശിച്ചിട്ടുള്ളതെങ്കിലും കൂടുതൽ പോസ്റ്റൽ ബാലറ്റുകൾ ഉള്ള സ്ഥലങ്ങളിൽ കമ്മീഷൻ അനുവാദത്തോടെ കൂടുതൽ ടേബിളുകൾ ഒരുക്കും. പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ എണ്ണുന്ന കൗണ്ടിംഗ് ടേബിളുകളിൽ സ്ഥാനാർത്ഥികൾക്ക് അവരുടെ ഏജന്റുമാരെ ഒരു ടേബിളിൽ ഒരു ഏജന്റ് എന്ന കണക്കിൽ ഏർപ്പെടുത്താം.

മൊത്തംലഭിച്ച പോസ്റ്റൽ ബാലറ്റുകളേക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർത്ഥിയുടെ മാർജിൻ എങ്കിൽ പോസ്റ്റൽ ബാലറ്റുകൾവീണ്ടും എണ്ണി ഉറപ്പാക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്യും.
ഒരു റൗണ്ടിലെ എല്ലാ ഇ.വി.എമ്മുകളും എണ്ണി നടപടിക്രമങ്ങൾ പൂർത്തിയാക്കി റൗണ്ട് ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ ഇ.വി.എമ്മുകൾ എണ്ണാൻ തുടങ്ങുകയുള്ളൂ.

ഓരോ കൺട്രോൾ യൂണിറ്റിലെയും സീലുകൾ (പിങ്ക് പേപ്പർ സീൽ, ഔട്ടർ പേപ്പർ സീൽ, സ്‌പെഷ്യൽടാഗ്, ഗ്രീൻ പേപ്പർ സീൽ) പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയായിരിക്കും അവയിലെ വോട്ടെണ്ണൽ തുടങ്ങുന്നത്.
ഓരോ റൗണ്ടും തീർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് നിരിക്ഷകൻ റാൻഡം ആയി തിരഞ്ഞെടുക്കുന്ന രണ്ട് ഇ.വി.എംകൾ വീണ്ടും എണ്ണി കൃത്യത ഉറപ്പാക്കും.

കൗണ്ടിംഗ് ഹാളിലെ എല്ലാ നടപടിക്രമങ്ങളും വീഡിയോയിൽ പകർത്തും. വോട്ടിംഗ്‌മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയശേഷമായിരിക്കും വിവിപാറ്റുകളിലെ പേപ്പർസ്ലിപ്പുകൾ എണ്ണാൻ തുടങ്ങുന്നത്.
വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് നാല് സാഹചര്യങ്ങളിലാണ്. കൺട്രോൾയൂണിറ്റിലെ ഡിസ്‌പ്ലേ പ്രവർത്തിക്കുന്നില്ലെങ്കിൽ, വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ കമ്മീഷൻ ഉത്തരവായ പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ, 1961-ലെ ഇലക്ഷൻ നടത്തിപ്പ് ചട്ടങ്ങളിലെ ചട്ടം 56(ഡി) പ്രകാരം സ്ഥാനാർത്ഥിയോ ഇലക്ഷൻ ഏജന്റോ, കൗണ്ടിംഗ് ഏജന്റോ ആവശ്യപ്പെടുന്ന ബൂത്തുകളിൽ എല്ലാ വസ്തുതകളും പരിശോധിച്ച് റിട്ടേണിംഗ് ഓഫീസർക്ക് ബോധ്യമുള്ള സാഹചര്യങ്ങളിൽ, ലോകസഭാ മണ്ഡലത്തിലെ ഓരോ അസംബ്ലി സെഗ്‌മെന്റുകളിലെയും നറുക്കിട്ടെടുക്കുന്ന അഞ്ചു ബൂത്തുകളിൽ എന്നീ സാഹചര്യങ്ങളിലാണ് വിവിപാറ്റ് എണ്ണേണ്ടിവരിക.

1961-ലെ ഇലക്ഷൻ നടത്തിപ്പ് ചട്ടങ്ങളിലെ ചട്ടം 56 ഡി (4ബി) പ്രകാരം വോട്ടിംഗ് മെഷീനിലെ ഫലവും വിവിപാറ്റ് പേപ്പർ സ്ലിപ്പ് എണ്ണവും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ വിവിപാറ്റ് പേപ്പർ സ്ലിപ്പ് എണ്ണമായിരിക്കും അന്തിമം. വിവിപാറ്റ്സ്ലിപ്പുകൾ എണ്ണുന്നതിനുള്ള ജീവനക്കാരെ ആവശ്യമെങ്കിൽ പ്രത്യേകമായി നിയമിക്കും. വിവിപാറ്റ്സ്ലിപ്പുകൾ എണ്ണുന്നതിനായി എല്ലാ വോട്ടെണ്ണൽ ബൂത്തുകളിലും പ്രത്യേകം വിവിപാറ്റ് കൗണ്ടിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഔദ്യോഗിക വീഡിയോ ക്യാമറ മാത്രമേ കൗണ്ടിംഗ് ഹാളിൽ സജ്ജീകരിക്കാൻ അനുമതിയുള്ളൂ. മാധ്യമപ്രവർത്തകർ കൗണ്ടിംഗ് ഹാളിൽ ക്യാമറ സ്റ്റാൻഡ് കൊണ്ടുപോകാൻ പാടില്ല. ഇലക്ഷൻ കമ്മീഷൻ അനുവദിച്ച മീഡിയാ പാസ്സുള്ള മാധ്യമ പ്രവർത്തകർക്ക് കൗണ്ടിംഗ് ഹാളിൽ വീഡിയോ ക്യാമറ ഉപയോഗിക്കാം. അപ്രകാരം എടുക്കുന്ന വീഡിയോ ക്ലിപ്പിംഗുകളിൽ പോസ്റ്റൽ ബാലറ്റ്, ഇ.വി.എം., വിവിപാറ്റുകൾ എന്നിവയിലെ യഥാർത്ഥ വോട്ടുകൾ കവർ ചെയ്യാൻ പാടില്ല. സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥർ, റിട്ടേണിംഗ് ഓഫീസർ/ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ആവശ്യപ്പെടുന്ന സാഹചര്യങ്ങളിലല്ലാതെ കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കാൻ പാടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വോട്ടെണ്ണൽ നടപടികൾക്ക് സുരക്ഷ ഒരുക്കാൻ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

NO COMMENTS