പൊന്നാനി താലൂക്കില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

96

മലപ്പുറം : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം പൊന്നാനി താലൂക്കില്‍ ഇന്നലെ (ജൂണ്‍ 29) വൈകീട്ട് അഞ്ച് മണി മുതല്‍ ജുലൈ ആറിന് അര്‍ധരാത്രി വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. ലോക്ക് ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പൂര്‍ണ്ണമായും അടച്ചിടും. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, പെട്രോളിയം പമ്പുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.

പൊലീസ്, സിവില്‍ ഡിഫന്‍സ്, അഗ്നി-രക്ഷാ സേന, ജയില്‍, ദുരന്ത നിവാരണ അതോറിറ്റി ഓഫീസുകള്‍, റവന്യൂ ഡിവിഷന്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസുകള്‍, ട്രഷറി, ഇലക്ട്രിസിറ്റി, വാട്ടര്‍, സാനിറ്റേഷന്‍, നഗരസഭാ ഓഫീസ്, തുടങ്ങിയവ ആവശ്യത്തിനുള്ള ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്‍താണ്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ നിബന്ധനകളും പാലിച്ചു മാത്രമെ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകളൊന്നും അനുവദിക്കുന്നതല്ല. ദേശീയ പാതയിലൂടെയുള്ള യാത്ര അനുവദനീയമാണെങ്കിലും പൊന്നാനി താലൂക്കില്‍ ഒരിടത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഐ.പി.സി സെക്ഷന്‍ 188 പ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമായി ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

NO COMMENTS