ക്ലീന്‍ കാഞ്ഞങ്ങാട് – നഗരത്തിന് ഇനി സമ്പൂര്‍ണ്ണ ശുചിത്വ മുഖം

116

കാസറഗോഡ് : കാഞ്ഞങ്ങാട് നഗരസഭ സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലക്ക്. ശുചിത നഗരസഭ പ്രഖ്യാപനം സ്വാതന്ത്രദിനത്തില്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ മാര്‍ഗ്ഗ\ിര്‍ദ്ദേശങ്ങളോടുകൂടി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പിലാക്കിയ പന്ത്രണ്ടോളം ഘടകങ്ങള്‍ പരിശോധിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയിക്കുന്നത്.

നഗരസഭയില്‍ അജൈവ മാലിന്യശേഖരണത്തിനായി മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിച്ചും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും മാലിന്യങ്ങള്‍ ഉറവിട സ്രോതസ്സില്‍ തന്നെ വേര്‍തിരിച്ചും നഗരസഭയിലെ 21000 ത്തോളം വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ചും പൊതുവിടങ്ങളില്‍ നിന്നും പൊതു ഓഫിസുകളില്‍ നിന്നും മാലിന്യങ്ങള്‍ ഒഴിവാക്കി യും വിവിധ കേന്ദ്രങ്ങളില്‍ പൊതു ടൊയ്‌ലറ്റുകള്‍ സ്ഥാപിച്ചും പൊതുപരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചും പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കിയുമാണ് നഗരസഭ ശുചിത്വ പദവി നേടിയത്. കാഞ്ഞങ്ങാട് നഗരസഭയില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി.ജാഫര്‍, നഗരസഭ സെക്രട്ടറി എം.കെ.ഗിരിഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.

ബേഡഡുക്ക ഇനി സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത്

ബേഡഡുക്കയെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവായി നടന്ന ചടങ്ങില്‍ റവന്യൂ , ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനാണ് സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചത്. മാലിന്യ സംസ്‌ക്കരണ രംഗത്ത് ജനകീയമായി മുന്നേറേണ്ട ആവശ്യകതയെക്കുറിച്ച് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പങ്കുവെച്ചു.

അഞ്ച് വര്‍ഷക്കാലമായി മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് പഞ്ചായത്ത് നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ പ്രഖ്യാപനം. കാസര്‍കോട് ജില്ലയില്‍ ആദ്യമായി ഹരിതകര്‍മ്മ സേന രൂപീകരിച്ച് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ പഞ്ചായത്താണ് ബേഡഡുക്ക. തരിശ് രഹിത പഞ്ചായത്തായി 2020ല്‍ ബേഡഡുക്ക പഞ്ചായത്തിനെ തിരഞ്ഞെടുത്തിരുന്നു.അഞ്ച് വര്‍ഷക്കാലമായി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ശുചിത്വ രംഗത്തും പഞ്ചായത്ത് നടത്തിയ പടിപടിയായ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിയുന്നു, സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് പദവി നല്‍കിയത്.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ മേല്‍നോട്ടത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം വിലയിരുത്തി. അധികമായി വേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് ട്രിബ്യൂണല്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. പ്ലാനിനകത്ത് പ്ലാസ്റ്റിക്ക് രഹിത പഞ്ചായത്ത്, ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി പഞ്ചായത്ത് നടപ്പിലാക്കിയ മറ്റ് പദ്ധതികളും വിലയിരുത്തി.

കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍, 81 വൃത്തിപ്പെട്ടികള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളായ തെരുവ് നാടകങ്ങള്‍, ശുചിത്വ പദയാത്ര, പ്ലാസറ്റിക്ക് ഹര്‍ത്താല്‍, തുമ്പൂര്‍മൊഴി മോഡല്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങിയ വിവിധ പദ്ധതികളാണ് പഞ്ചായത്തില്‍ നടന്നത്. സര്‍ക്കാറിന്റെ 12 ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഹരിതകേരള മിഷനും ശുചിത്വമിഷനും അംഗീകരിച്ചതോടെ ബേഡഡുക്ക പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി.

പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് .സി. രാമചന്ദ്രന്‍ അധ്യക്ഷനായി. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു എന്നിവര്‍ മുഖ്യ അതിഥികളായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍,കാസര്‍കോട് ഡി.ഡി.പി ജെയ്‌സണ്‍മാത്യു, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം പി സുബ്ര ഹ്മണ്യന്‍, ശുചിത്വ കേരളം മിഷന്‍ കോ-ഓഡിനേറ്റര്‍ എ ലക്ഷ്മി, ,പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാര്‍ ,മറ്റ് ജനപപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS