സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സേവനങ്ങൾ സമയബന്ധിതമായി നൽകുക ലക്ഷ്യം- മുഖ്യമന്ത്രി

176

തിരുവനന്തപുരം: സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി സേവനങ്ങൾ സമയബന്ധിതമായി നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രജിസ്ട്രേഷൻ വകുപ്പിലും ആധുനികവത്കരണത്തിലൂടെ ഈ മാറ്റം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

പണി പൂർത്തിയായ 10 സബ് രജിസ്ട്രാർ ഓഫീസുകളുടെ മന്ദിരോദ്ഘാടനവും 10 ഓഫീസുകളുടെ നിർമാണോദ്ഘാടനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് നൽകാൻ സബ് രജിസ്ട്രാർ ഓഫീസുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനാണ് 100 വർഷത്തിലേറെ പഴക്കമുള്ള ഓഫീസുകൾ പുതുക്കിപണിയാനും വാടകക്കെട്ടിടങ്ങളിലുള്ളവയ്ക്ക് പുതിയ കെട്ടിടം പണിയാനും തീരുമാനിച്ചത്.

ഇതിനായി 48 സബ് രജിസ്ട്രാർ ഓഫീസുകൾക്കും മൂന്നു രജിസ്ട്രേഷൻ കോംപ്ലക്സുകൾക്കുമായി കിഫ്ബി വഴി 100 കോടി അനുവദിച്ചത്. ഇതിൽ ഉൾപ്പെട്ട ഓഫീസുകളാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്.

വകുപ്പിലെ സമാനതകളില്ലാത്ത പരിഷ്‌കാരങ്ങളുടെ ഗുണഫലങ്ങൾ ഓഫീസുകളിൽ ദൃശ്യമാകുന്നുണ്ട്. അഴിമതിയുടെ കാര്യത്തിലും വലിയ കുറവുണ്ടാക്കാനായി. ആരോഗ്യകരമായ ഈ മാറ്റം തുടരാനാകണം.
സബ് രജിസ്ട്രാർ ഓഫീസുകളെ ഐ.എസ്.ഒ നിലവാരം നേടാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. വ്യാജ മുദ്രപ്പത്രങ്ങൾ തടയാൻ ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ തയാറാക്കാൻ ഇ-സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കി.

എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. റെക്കോർഡ് റൂമുകളുടെ പരിഷ്‌കരണവും സർക്കാരിന്റെ പ്രധാന അജണ്ടയാണ്. സർക്കാരിന് റവന്യൂ വരുമാനം നൽകുന്നതിൽ രണ്ടാംസ്ഥാനത്തുള്ള വകുപ്പാണിത്.

രജിസ്ട്രാർ ഓഫീസുകൾക്ക് മാത്രമല്ല, ഇതിനെ ആശ്രയിക്കുന്ന വലിയവിഭാഗത്തിനും ഗുണപരമായ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. ആധാരം എഴുത്തുകാർ, കൈപ്പടക്കാർ, സ്റ്റാമ്പ് വെണ്ടർമാർ എന്നിവരുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ ഇരട്ടിയാക്കി. ഉത്സവബത്തയും 1500 രൂപയായും വർധിപ്പിച്ചു.
സബ് രജിസ്ട്രാർ ഓഫീസുകൾ ജനസൗഹൃദമാക്കി പൂർണമായി അഴിമതി വിമുക്തമാക്കുകയും സേവനനിലവാരം ഉറപ്പാക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയേറെ സബ് രജിസ്ട്രാർ ഓഫീസുകളുടെ ഒരുമിച്ച് നിർമ്മിച്ച സർക്കാർ വേറെയില്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ജീവനക്കാരുടെയും ആധാരം എഴുത്തുകാരുടെയും വെണ്ടർമാരുടെയും ക്ഷേമത്തിനും നിരവധി നടപടികളാണ് കൈക്കൊള്ളുന്നത്.

ആധുനികവത്കരണത്തിന്റെ ഭാഗമായി ഇ-പേമെൻറും ഇ-സ്റ്റാമ്പിംഗും ഡിജിറ്റലൈസേഷനും നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അഡീ. ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, രജിസ്ട്രേഷൻ ഐ.ജി എ. അലക്സാണ്ടർ തുടങ്ങിയവർ സംബന്ധിച്ചു.
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ മുഖാന്തിരമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. രജിസ്ട്രേഷൻ വകുപ്പിന്റെ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരുസർക്കാരിന്റെ കാലത്തുതന്നെ 51 ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. മാത്രമല്ല, 2019 ഫെബ്രുവരി 19 ന് നിർമ്മാണം ആരംഭിച്ച് കൃത്യം ഒരുവർഷം പൂർത്തിയാക്കിയപ്പോൾതന്നെ 10 കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, പയ്യോളി, മലപ്പുറത്ത് തേഞ്ഞിപ്പലം, താനൂർ, കൽപകഞ്ചേരി, കുറ്റിപ്പുറം, പാലക്കാട്ട് ചെർപ്ലശ്ശേരി, തൃശൂരിൽ കുന്നംകുളം, അക്കിക്കാവ് എന്നിവിടങ്ങളിലെ പുതിയ ഓഫീസ് മന്ദിരങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ഇതിനായി 8.62 കോടി രൂപയാണ് ചെലവ്.

കോട്ടയം ജില്ലയിലെ കോട്ടയം രജിസ്ട്രേഷൻ കോംപ്ലക്സ്, തൃശൂരിൽ മുണ്ടൂർ, കോഴിക്കോട്ട് രജിസ്ട്രേഷൻ കോംപ്ലക്സ്, വെസ്റ്റ്ഹിൽ, ചാത്തമംഗലം, അഴിയൂർ, വില്യാപ്പള്ളി, ഫറോക്, കണ്ണൂരിൽ ഇരിട്ടി, കാസർകോട്ട് തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് പുതിയ മന്ദിരങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്്. ഇതിനായി 15.69 കോടി രൂപയാണ് ചെലവ്.

NO COMMENTS